ഇനിയില്ല, ആ ചിരി; നടന്‍ മാമുക്കോയ അന്തരിച്ചു

Update: 2023-04-26 08:03 GMT

കോഴിക്കോട്: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം. മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുമായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.

    നാടകരംഗത്തുനിന്ന് മലയാള സിനിമാരംഗത്ത് ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായെത്തി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന മാമുക്കോയ കോഴിക്കോടന്‍ ശൈലിയെ ജനകീയമാക്കിയ നടന്‍കൂടിയാണ്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഷോര്‍ട്ട് ഫിലിം ഉള്‍പ്പെടെയുള്ളവയില്‍ അഭിനയിച്ചിരുന്നു.

    കോഴിക്കോട് പള്ളിക്കണ്ടിയിലെ ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ലാണ് ജനിക്കുന്നത്. കോഴിക്കോട് എംഎം ഹൈസ്‌കൂളിലാണ് പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുംഅഭിനയിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായിരുന്നു. അതോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോയി. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിലമ്പൂര്‍ ബാലന്‍ സംവിധായകനായ 'അന്യരുടെ ഭൂമി' (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.


Tags:    

Similar News