എതിര്‍പ്പുമായി നടന്‍; വിജയുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് അച്ഛന്‍ പിന്മാറി
പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നടന്‍ വിജയ് തന്നെ ഈ നീക്കത്തില്‍ എതിര്‍പ്പുന്നയിച്ചതോടെയാണ് പിന്മാറ്റം.
ചെന്നൈ: തമിഴ് സിനിമാ താരം വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍നിന്ന് അച്ഛന്‍ ചന്ദ്രശേഖര്‍ പിന്മാറി.പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നടന്‍ വിജയ് തന്നെ ഈ നീക്കത്തില്‍ എതിര്‍പ്പുന്നയിച്ചതോടെയാണ് പിന്മാറ്റം.
വിജയ്‌യുടെ ആരാധക സംഘമായ 'വിജയ് മക്കള്‍ ഇയക്ക'ത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറിന്റെ നീക്കം ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഈ നീക്കവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് ആരാധകരോട് വിജയ് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹികളിലും മാറ്റമുണ്ടായി.
മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി ഉള്‍പ്പടെ ഭൂരിഭാഗം ജില്ലാസെക്രട്ടറിമാരെയും മാറ്റി കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് സംഘടനാ ചുമതല നല്‍കി. രാഷ്ട്രീയ പാര്‍ട്ടി രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് വിജയ് പുതിയ ഭാരവാഹികള്‍ക്ക് നല്‍കിയ നിര്‍ദേശം. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് ആയി പരാമര്‍ശിക്കപ്പെട്ട പത്മനാഭന്‍ ഒരു വിജയ് ആരാധകനാണെന്ന് നേരത്തെ എസ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ മധുരയില്‍ യോഗം ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടെന്ന് ആരാധകര്‍ തീരുമാനമെടുത്തിരുന്നു.