കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല; നിലപാട് അറിയിച്ച് ക്രൈംബ്രാഞ്ച്

ഇതിനിടെ ദിലീപിന്‍റെ മുൻഭാര്യ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടായിരുന്നു എന്ന് മഞ്ജു വാര്യർ മൊഴി നൽകിയിട്ടുണ്ട്.

Update: 2022-04-11 15:21 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നൽകി. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാമെന്നും കാവ്യ മറുപടി നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് ആലുവ പോലിസ് ക്ലബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിർദേശം. എന്നാൽ അസൗകര്യമുണ്ടെന്നും ബുധനാഴ്ച വീട്ടിൽ വന്നാൽ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നൽകാൻ താൻ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടിൽവെച്ച് വേണമെന്നുമാണ് കാവ്യയുടെ ആവശ്യം.

സാക്ഷി എന്ന നിലയിലാണ് നിലവിൽ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നത്. പുറത്തുവന്ന ശബ്ദരേഖകൾ അനുസരിച്ചും മുഖ്യപ്രതി പൾസർ സുനിലിന്‍റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂടിയാണ് ക്രൈംബ്രാഞ്ചിന്‍റെ ശ്രമം.

ഇതിനിടെ ദിലീപിന്‍റെ മുൻഭാര്യ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടായിരുന്നു എന്ന് മഞ്ജു വാര്യർ മൊഴി നൽകിയിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖകളിലുളളത് ദിലീപിന്‍റെ ശബ്ദ തന്നെയാണെന്ന് മഞ്ജു വാരിയർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ തന്‍റെ ശബ്ദമല്ലെന്നും ആരോ അനുകരിച്ചതെന്നുമായിരുന്നു ചോദ്യം ചെയ്യലിൽ ദിലീപ് ആവ‌ർത്തിച്ചിരുന്നത്. ദിലീപിന്‍റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദവും മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്.

ദിലീപുൾപ്പെട്ട വധ ഗൂഡാലോചനാക്കേസിൽ അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നാളെ നോട്ടീസ് നൽകും. ദിലീപിന്‍റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ഇടപെട്ടെന്നാണ് ആരോപണം. 

Similar News