നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് ബുധനാഴ്ച പരിശോധിക്കാമെന്ന് കോടതി
മൂന്നു വിദഗ്ദരുടെ സഹായത്താല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദീലിപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം ഒരു ഐടി ഒരു വിദഗ്ദനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.ബുധനാഴ്ച കോടതി സമയത്തിനു ശേഷം ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് അനുവദിച്ചിരിക്കുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടുത്ത ബുധനാഴ്ച നടന്‍ ദിലീപിന് പരിശോധിക്കാമെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. പരിശോധനക്കുള്ള വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ച കോടതിയെ അറിയിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസിലെ മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് ദിലീപിന് കൈമാറാനാകില്ലെന്നും വിദഗ്ധന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാമെന്നും കോടതി നിര്‍ദേശിച്ചു. വിദഗ്ധനെ കണ്ടെത്തി അടുത്ത തിങ്കളാഴ്ച അറിയിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൂന്ന് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത് ഐടി വിദഗ്ധനെയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു .
കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അപേക്ഷ നല്‍കിയത് . ഡിജിറ്റല്‍ തെളിവുകളടക്കം 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം.എന്നാല്‍ രേഖകളുടെ പകര്‍പ്പ് കൈവശം നല്‍കാനാവില്ലെന്നും വിദഗ്ദ്ധന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാമെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ സാക്ഷികളുടെ ഉള്‍പ്പെടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ എല്ലാ തെളിവുകളും കൈമാറാനാവില്ലന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസില്‍ ദിലീപ് ഒഴികെയുള്ള 9 പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്‍ , പ്രദീപ്, വിജേഷ് എന്നീ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്‍പതാം പ്രതി സനല്‍ കുമാറിനെയും ഇന്ന് ഹാജരാക്കി.