തെലുങ്കര്‍ക്കെതിരെ അശ്ലീല-വംശീയ പരാമര്‍ശം: നടി കസ്തൂരി അറസ്റ്റില്‍; തമിഴ്‌നാട് പൊലീസ് പിടികൂടിയത് ഹൈദരാബാദില്‍ നിന്ന്
പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.
ചെന്നൈ: തെലുങ്കര്‍ക്കെതിരെ അശ്ലീല-വംശീയ പരാമര്‍ശം നടത്തിയ കേസില്‍ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദിലെ ഒരു നിര്‍മാതാവിന്റെ വീട്ടില്‍നിന്നാണ് ശനിയാഴ്ച വൈകിട്ട് ഇവരെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെത്തിച്ച ശേഷം നടിയെ കോടതിയില്‍ ഹാജരാക്കും.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്ത:പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്ന പരാമര്‍ശമാണ് കേസിന് കാരണമായത്. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്.
ഇതോടെ മുന്‍കൂര്‍ ജാമ്യഹരജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യഹരജി തള്ളി. ഇതോടെ ഒളിവില്‍ പോയ കസ്തൂരിയെ പിടികൂടാന്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ തമിഴ്‌നാട് പോലിസ് രൂപീകരിച്ചു. ഈ സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് കസ്തൂരിയെ ഹൈദരാബാദില്‍ നിന്നും പിടികൂടിയത്. 'അനിയന്‍ ബാവ ചേട്ടന്‍ ബാവ' അടക്കമുള്ള മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും കസ്തൂരി നായികയായി അഭിനയിച്ചിട്ടുണ്ട്.