ലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍

ഇസ്രായേലി സൈന്യത്തിലെ എലൈറ്റ് യൂനിറ്റായി 1948ലാണ് ഗോലാനി ബ്രിഗേഡ്‌സ് രൂപീകരിച്ചത്. ഫലസ്തീനികളെ ഗ്രാമങ്ങളില്‍ നിന്ന് തുരത്തലായിരുന്നു ആദ്യകാല പണി. വിവിധ സയണിസ്റ്റ് പാരാമിലിറ്ററി ഗ്രൂപ്പുകളില്‍ നിന്നുള്ള അംഗങ്ങളാണ് ആദ്യം ഗോലാനിയില്‍ ചേര്‍ന്നത്.

Update: 2024-11-16 17:17 GMT

സ്രായേലി സൈന്യത്തിന്റെ എലൈറ്റ് യൂനിറ്റായ ഗോലാനി ബ്രിഗേഡ് ലെബനാനില്‍ കനത്ത തിരിച്ചടി നേരിടുന്നതായി റിപോര്‍ട്ട്. ഇന്നലെ മാത്രം ഏഴു ഗോലാനികള്‍ ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു പ്ലാറ്റൂണ്‍ കമാന്‍ഡറും ഉള്‍പ്പെടുന്നു. സൈന്യത്തിന്റെയും ജൂതന്‍മാരുടെയും ആത്മവിശ്വാസം തകരുമെന്നതിനാല്‍ ഗോലാനികള്‍ക്കുണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ രഹസ്യമാക്കി വക്കുന്നതായി ഇസ്രായേലി മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.

തെക്കന്‍ ലെബനാനിലെ ഒരു കെട്ടിടത്തിന് അകത്ത് കയറി വിശ്രമിക്കുകയായിരുന്ന ഗോലാനി ബ്രിഗേഡിലെ 36ാം ഡിവിഷനിലെ സൈനികരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവര്‍ വിശ്രമിക്കുന്ന സമയത്ത് സമീപത്തെ തുരങ്കത്തിലൂടെ വന്ന ഹിസ്ബുല്ല പ്രവര്‍ത്തകര്‍ കെട്ടിടത്തെ ആക്രമിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ഹിസ്ബുല്ല കെട്ടിടം ഗ്രനേഡിട്ട് തകര്‍ത്തു. ഉടന്‍ തന്നെ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഇതിന്റെ മറവിലാണ് പരിക്കേറ്റ പ്ലാറ്റൂണ്‍ കമാന്‍ഡറെ കടത്തിക്കൊണ്ടു പോയത്. പക്ഷെ, മതിയായ ചികില്‍സ നല്‍കുന്നതിന് മുമ്പ് തന്നെ ഇയാളും ഇല്ലാതായി.

ഇസ്രായേലി സൈന്യത്തിലെ എലൈറ്റ് യൂനിറ്റായി 1948ലാണ് ഗോലാനി ബ്രിഗേഡ്‌സ് രൂപീകരിച്ചത്. ഫലസ്തീനികളെ ഗ്രാമങ്ങളില്‍ നിന്ന് തുരത്തലായിരുന്നു ആദ്യകാല പണി. വിവിധ സയണിസ്റ്റ് പാരാമിലിറ്ററി ഗ്രൂപ്പുകളില്‍ നിന്നുള്ള അംഗങ്ങളാണ് ആദ്യം ഗോലാനിയില്‍ ചേര്‍ന്നത്. ബ്രൗണ്‍ നിറത്തിലുള്ള വട്ടത്തൊപ്പിയും സമകോണാകൃതിയിലുള്ള ടാഗുകളുമുള്ള ഇവര്‍ സൈന്യത്തിലെ പ്രമുഖ വിഭാഗമാണ്. ഗോലാനിയാണ് ഒന്നാം നമ്പര്‍ ബ്രിഗേഡ് എന്നതാണ് ഇവരുടെ മുദ്രാവാക്യം. എന്റെ ഗോലാനിയെന്ന് പാടിയാണ് ഇവര്‍ മാര്‍ച്ച് ചെയ്യുക. ഒലിവ് മരമാണ് ചിഹ്നം.

ഇസ്രായേല്‍ സ്ഥാപിച്ചതിന് ശേഷമുള്ള എല്ലാ യുദ്ധത്തിലും സജീവമായി പ്രവര്‍ത്തിച്ചു. അറബ് സൈന്യങ്ങളെ തകര്‍ക്കുന്നതില്‍ ഇവര്‍ നിര്‍ണായകമായ പങ്കും വഹിച്ചു. അതിനാല്‍ തന്നെ മറ്റു സൈനിക യൂനിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ ധീരരായി അറിയപ്പെട്ടു.

എന്നാല്‍, തൂഫാനുല്‍ അഖ്‌സയില്‍ ഇസ്രായേലിലെത്തിയ ഹമാസ് പോരാളികള്‍ അവരുടെ കാംപ് ആക്രമിച്ച് 30ല്‍ അധികം പേരെ കൊന്നു. തുടര്‍ന്നും നിരവധി ഗോലാനികള്‍ കൊല്ലപ്പെട്ടു. ലെബനാന്‍ അധിനിവേശം തുടങ്ങിയതോടെ ഗോലാനികളുടെ കഷ്ടകാലവും തുടങ്ങി.

ചരിത്രത്തില്‍ ഒരിക്കല്‍ പോലും നേരിടാത്ത നഷ്ടങ്ങളാണ് ഗോലാനികള്‍ ഇപ്പോള്‍ നേരിടുന്നതെന്ന് മുന്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ യോലി ഒര്‍ ഇസ്രായേലി മാധ്യമമായ ചാനല്‍ 12നോട് പറഞ്ഞു. 1948ല്‍ ഗോലാനി ബ്രിഗേഡ് രൂപീകരിച്ച ശേഷം ഒരു സംഘര്‍ഷത്തിലും ഇത്രയധികം പേര്‍ കൊല്ലപ്പെട്ടിട്ടില്ല. മരിച്ചവരില്‍ പകുതിയും ഉന്നത ഓഫീസര്‍മാരാണ്. മറ്റുള്ളവര്‍ സൈനികരും.''

ലെബനാനിന് പുറമെ ഗസയിലും ഗോലാനികള്‍ കടുത്ത നഷ്ടമാണ് നേരിടുന്നത്. ഗോലാനികളുടെ എണ്ണം അനുദിനം കുറഞ്ഞുവരുകയാണ്. 2023 ഒക്ടോബറിന് ശേഷം 103 ഗോലാനികളാണ് ഗസയിലും ലെബനാനിലുമായി കൊല്ലപ്പെട്ടിരിക്കുന്നത്. തൂഫാനുല്‍ അഖ്‌സക്ക് ശേഷം കൊല്ലപ്പെട്ട മൊത്തം സൈനികരുടെ എണ്ണം 793ഉം ആയി.

പുതിയ സാഹചര്യത്തില്‍ ഹിസ്ബുല്ലയുമായി സമാധാന ചര്‍ച്ച നടത്താന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇസ്രായേലിന് വേണ്ടി അമേരിക്ക ഇടപെടുന്നുണ്ട്. എന്നാല്‍, ദീര്‍ഘകാലം യുദ്ധം ചെയ്യാന്‍ സന്നദ്ധമാണെന്നാണ് ഹിസ്ബുല്ല അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയസാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇതില്‍ തീരുമാനമുണ്ടാവുക.

കനത്ത തിരിച്ചടികള്‍ നേരിടുന്ന കാലത്ത് സമാധാനചര്‍ച്ചകളില്‍ കൂടുതല്‍ ഡിമാന്‍ഡുകള്‍ വക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇസ്രായേലുള്ളത്. ഹിസ്ബുല്ലയുടെ സൈനികശേഷി മൂലം ഡിമാന്‍ഡുകള്‍ കുറക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതമായെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഇസ്രായേല്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിലെ മുന്‍ മേധാവിയായ മേജര്‍ ജനറല്‍ ഇസ്‌റായേല്‍ സിവ് പറയുന്നത് ഇങ്ങനെ '' പണ്ട് ഇസ്രായേല്‍ പറയുന്നതിന് ഒരു വിലയുണ്ടായിരുന്നു. സെനിക ശേഷിയാണ് ഇസ്രായേലിന്റെ വാക്കിന് വില നല്‍കിയത്. ഇന്ന് അത് കാണാനില്ല. നാളെ അതുണ്ടാവുമെന്നും തോന്നുന്നില്ല. ഹിസ്ബുല്ല അനുദിനം ശക്തിയാര്‍ജിച്ചു വരുകയാണ്.''

അതിനാല്‍, കൂടുതല്‍ നഷ്ടങ്ങളും പ്രതിസന്ധികളും ഒഴിവാക്കാന്‍ തണുപ്പുകാലത്തിന് മുമ്പ് ലെബനാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണ് ഇസ്രായേലിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, തണുപ്പുകാലത്ത് യുദ്ധം ചെയ്യാന്‍ വേണ്ട പരിശീലനം ഹിസ്ബുല്ല നടത്തുന്നതിന്റെ വീഡിയോകളും പുറത്തുവന്നു.

BY PA ANEEB


Full View


Tags:    

Similar News