ഭോപാല്‍: കശ്മീരില്‍ നിരവധി പേരെ ജീവച്ഛവമാക്കുകയും അന്ധരാക്കുകയും ചെയ്ത പെല്ലറ്റ് ഗണ്‍ ആദിവാസികള്‍ക്കെതിരേയും പ്രയോഗിച്ച് അധികൃതര്‍. മധ്യപ്രദേശിലാണ് വനത്തില്‍ കഴിയുന്ന ആദിവാസികള്‍ക്കു നേരെ കുടിയേറ്റക്കാരെന്നാരോപിച്ചു പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ആദിവാസികളെ കുടിയൊഴിപ്പിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവര്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത്.
വെടിയേറ്റ നാലു ആദിവാസികള്‍ക്കു പരിക്കേറ്റതായി മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാധുരി കെ പറഞ്ഞു.
വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത ആദിവാസികളാണെന്നു വ്യക്തമാക്കി ഇവരെ ഒഴിപ്പിക്കാനെത്തിയതായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഏതാണ്ട് 50ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരും പോലിസുകാരും മണ്ണുമാന്തി യന്ത്രങ്ങളുമായി സ്ഥലത്തെത്തുകയും ആദിവാസി കുടിലുകളടക്കം നീക്കുകയും ചെയ്തു. വിത്തു വിതച്ചു കാത്തിരിക്കുന്ന ആദിവാസികളുടെ കൃഷിഭൂമി ഉഴുതുമറിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധവുമായി ആദിവാസികള്‍ രംഗത്തെത്തുകയായിരുന്നു. തങ്ങള്‍ പാരമ്പര്യമായി താമസിച്ചു പോരുന്ന മണ്ണില്‍ നിന്നു ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ആദിവാസികള്‍. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ ആദിവാസികള്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത്. കഴുത്തിലും നെഞ്ചിലും വെടിയേറ്റ ആദിവാസി ഗോകാര്‍സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴുത്തിലെ പെല്ലറ്റ് നീക്കം ചെയ്യാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഇദ്ദേഹത്തെ മറ്റൊരാശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധുരി പറഞ്ഞു. നിരവധി പേര്‍ക്കു കാലിലും കയ്യിലുമാണ് പെല്ലറ്റുകള്‍ തുളച്ചു കയറിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്നു കേസ് രജിസ്റ്റര് ചെയ്‌തെങ്കിലും ആദിവാസികള്‍ പേരെടുത്തു പറഞ്ഞ ഉദ്യോസ്ഥരുടെ പേരുകള്‍ എഫ്‌ഐആറില്‍ ഉള്‍പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നും മാധുരി വ്യക്തമാക്കി.
അതേസമയം ആദിവാസികള്‍ സംഘടിതമായി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജീവന്‍ അപകടത്തിലാവുമെന്ന അവസ്ഥയില്‍ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുകയായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.
വെടിയേല്‍ക്കുന്നവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുന്നതും അന്ധതക്കു കാരണമാവുന്നതുമായ പെല്ലറ്റ്ഗണ്‍ 2010ലാണ് ആദ്യമായി കശ്മീരികള്‍ക്കു നേരെ സുരക്ഷാ സേന പ്രയോഗിക്കുന്നത്.
മൃഗങ്ങളെ വേട്ടയാടാന്‍ രൂപകല്‍പന ചെയ്തിരുന്ന പെല്ലറ്റ് തോക്കുകള്‍ പ്രക്ഷോഭകാരികള്‍ക്കെതിരേ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും വ്യാപക വിമര്‍ശനമാണ് നേരിടേണ്ടിവന്നിരുന്നത്. പെല്ലറ്റ് ഉപയോഗം കാരണം കശ്മീരില്‍ നൂറുകണക്കിനു പേര്‍ക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്.
ഈ വര്‍ഷം ജനുവരിയിലെ കണക്കു പ്രകാരം ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലെ കണക്കനുസരിച്ച് 1570ലേറെ കൗമാരക്കാരായ യുവാക്കളും പെണ്‍കുട്ടികളുമാണ് വ്യത്യസ്ത തോതില്‍ അന്ധരായി കഴിയുന്നത്. പെല്ലറ്റ് ആദ്യമായി ഉപയോഗിച്ച 2010ല്‍ കശ്മീര്‍ താഴ്‌വരയില്‍ 20 മരണം സംഭവിച്ചിട്ടുണ്ടെന്നാണു കണക്ക്. കുറഞ്ഞത് 1726 പേര്‍ പൂര്‍ണമായും വികലാംഗരാക്കപ്പെട്ടതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകളും വ്യക്തമാക്കുന്നു.