കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇടപെടല്‍ തേടി ഭാര്യ കെ മഞ്ജുഷ കോടതിയില്‍. ഇന്നലെ കേസ് പ്രാഥമികമായി പരിഗണിച്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിശദമായ വാദത്തിനായി 26ലേക്ക് മാറ്റി. കേസില്‍ പോലീസിന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
കലക്ടറേറ്റ്, മുനീശ്വരന്‍ കോവില്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, റെയില്‍വേ പ്ലാറ്റ്‌ഫോം, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍, കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, കലക്ടര്‍ അരുണ്‍ കെ വിജയന്‍, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തന്‍ എന്നിവരുടെ ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ദിവ്യയുടെയും കലക്ടറുടെയും സ്വകാര്യ ഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യമുണ്ട്.