കര്‍ണാടകയിലെ പ്രഥമ മുസ്‌ലിം വനിതാ ജഡ്ജിയായി ഉഡുപി എഡിപി മുംതാസ്
ഈ വര്‍ഷം ആദ്യം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന ജുഡീഷ്യല്‍ പരീക്ഷകളില്‍ മുംതാസ് ഒന്നാം റാങ്ക് നേടിയിരുന്നു.
മംഗളൂരു: മുല്‍ക്കി സ്വദേശിയും ഉഡുപ്പിയിലെ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ഡയറക്ടറുമായ (എഡിപി) മുംതാസിനെ ജില്ലാ ജഡ്ജിയായി നിയമിച്ചു. ഇതോടെ കര്‍ണാടകയില്‍ ഒരു ജില്ലാ മജിസ്‌ട്രേറ്റ് ആകുന്ന ആദ്യ മുസ്‌ലിം വനിതയായി മുംതാസ് മാറി. അബ്ദുറഹ്മാന്‍-അദിജമ്മ ദമ്പതികളുടെ മകളായ മുംതാസ് സ്വന്തം ജില്ലയിലാണ് ജഡ്ജിയാവുന്നത്.
ഈ വര്‍ഷം ആദ്യം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന ജുഡീഷ്യല്‍ പരീക്ഷകളില്‍ മുംതാസ് ഒന്നാം റാങ്ക് നേടിയിരുന്നു. ജില്ലാ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാളാണ് അവര്‍. ഭാരത് മാതാ ഹൈസ്‌കൂള്‍ പുനരൂരില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മംഗളൂരുവിലെ എസ്ഡിഎം ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദം പൂര്‍ത്തിയാക്കിയ മുംതാസ് ബിരുദാനന്തര ബിരുദം നേടിയത് മൈസൂരുവില്‍നിന്നാണ്. മുന്‍ എംഎല്‍.സി ഇവാന്‍ ഡിസൂസയുടെ ജൂനിയറായിക്കൊണ്ടാണ് നിയമജീവിതം ആരംഭിച്ചത്.
2010ല്‍ ഭട്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയായി. നിലവില്‍ മുംതാസ് ഉഡുപ്പി പോലിസ് സൂപ്രണ്ടിന്റെ ഓഫിസില്‍ അസി. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിക്കുകയായിരുന്നു.