ഓണത്തിന് മുന്‍കൂര്‍ ക്ഷേമ പെന്‍ഷന്‍; എല്ലാ വീട്ടിലും ഓണക്കിറ്റ്
നിലവില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേര്‍ക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും കൈകളിലെത്തും.
തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിനിടെ, ഓണത്തിന് മുമ്പ് വീണ്ടും പെന്‍ഷന്‍ നല്‍കും. 1 ജൂലൈയിലെയും ആഗസ്തിലെ പെന്‍ഷന്‍ മുന്‍കൂറായും നല്‍കും. നിലവില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേര്‍ക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും കൈകളിലെത്തും.
പെന്‍ഷന്‍ മസ്റ്ററിങ് 15 മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ധന വകുപ്പ് നിര്‍ദേശം നല്‍കി. അഞ്ചുമാസത്തെ പെന്‍ഷന്‍ കഴിഞ്ഞ മെയില്‍ വിതരണം ചെയ്തിരുന്നു. ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് തുടങ്ങി പലയിനം ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മുമ്പ് ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 1000 രൂപ വീതം നല്‍കാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ് ശ്രമം.
ട്രോളിങ് നിരോധനത്തിന്റെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തില്‍ തീരദേശമേഖലയില്‍ പ്രത്യേക ഭക്ഷ്യക്കിറ്റ് ഇപ്പോള്‍ നല്‍കുന്നുണ്ട്. 3000 രൂപ വീതം പഞ്ഞമാസ സഹായവും.
എല്ലാവീട്ടിലും ഓണക്കിറ്റ്
ഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കും അടച്ചുപൂട്ടല്‍ കാലത്ത് 1000 രൂപ വീതം നല്‍കിയിരുന്നു. ഓണത്തിന് എല്ലാ വീട്ടിലും ഭക്ഷണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനിച്ചു. എന്നിട്ടും പ്രതിസന്ധി വന്നാല്‍ സമൂഹ അടുക്കള വഴിയോ, ജനകീയ ഭക്ഷണശാല വഴിയോ ഭക്ഷണം എത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഉപയോഗിക്കാം. ഓണക്കാലത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തടസ്സമാകില്ലെന്നും ധനമന്ത്രി പറഞ്ഞു.