ദുരന്ത ഭൂമിയായി അഫ്ഗാന്‍; ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ മരിച്ചു
920 പേര്‍ മരിച്ചതായും അറുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ 130 പേരെയെങ്കിലും ശരണ്‍, പക്തിക, ഉര്‍ഗണ്‍ ആശുപത്രികളിലേക്ക് മാറ്റിയതായി യുഎന്‍ ഓഫിസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു.
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ മലയോര മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്. 920 പേര്‍ മരിച്ചതായും അറുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ 130 പേരെയെങ്കിലും ശരണ്‍, പക്തിക, ഉര്‍ഗണ്‍ ആശുപത്രികളിലേക്ക് മാറ്റിയതായി യുഎന്‍ ഓഫിസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു.
ഗയാനില്‍ 1,800 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായി റിപോര്‍ട്ടുകളുണ്ട്. ഇത് ജില്ലയിലെ ആകെ ഭവനങ്ങളുടെ 70 ശതമാനത്തോളം വരുമെന്നും സംഘടന പറഞ്ഞു.
പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഖോസ്ത്, പക്തിക പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പക്തികയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മേഖലയിലെ ഒട്ടേറെ വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റ ശേഷം രാജ്യാന്തര ഏജന്‍സികള്‍ മിക്കതും രാജ്യം വിട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. മെഡിക്കല്‍ ഒഴിപ്പിക്കലുകള്‍ സുഗമമാക്കുന്നതിന് പ്രതിരോധ മന്ത്രാലയം അഞ്ച് ഹെലികോപ്റ്ററുകള്‍ ഗയാന്‍ ജില്ലയിലേക്കും ഒരു മെഡിക്കല്‍ ടീമിനെ പക്തിക പ്രവിശ്യയിലേക്കും അയച്ചിട്ടുണ്ട്.
യുനിസെഫ് ഗയാന്‍ ജില്ലയിലേക്ക് കുറഞ്ഞത് ആരോഗ്യ പ്രവര്‍ത്തകരുടെ 12 ടീമുകളെങ്കിലും വിന്യസിച്ചിട്ടുണ്ട്, കൂടാതെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയിലേക്കും ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പെര ജില്ലയിലേക്കും നിരവധി മൊബൈല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, യുഎന്നും യൂറോപ്യന്‍ യൂനിയനും സഹായം വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.