അഫ്ഗാന്‍ സൈനിക കേന്ദ്രം താലിബാന്‍ വളഞ്ഞു; രണ്ട് ദിവസത്തിനിടെ 32 സൈനികര്‍ കൊല്ലപ്പെട്ടു
2000ഓളം താലിബാന്‍ പോരാളികളാണ് സൈനിക കേന്ദ്രം വളഞ്ഞിരിക്കുന്നതെന്ന് പ്രവിശ്യാ കൗണ്‍സില്‍ അംഗം മുഹമ്മദ് നാസിര്‍ നസാരി പറഞ്ഞു. 600ഓളം അഫ്ഗാന്‍ സൈനികരും സുരക്ഷാ സേനാ അംഗങ്ങളുമാണ് കേന്ദ്രത്തിലുള്ളത്.
കാബൂള്‍: പടിഞ്ഞാറന്‍ ബാദ്ഗിസ് പ്രവിശ്യയിലെ സര്‍ക്കാര്‍ കോംപൗണ്ടും സൈനിക താവളവും താലിബാന്‍ വളഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിവസവും തുടരുന്ന താലിബാന്‍ ഉപരോധത്തില്‍ ഇതിനകം 32 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
2000ഓളം താലിബാന്‍ പോരാളികളാണ് സൈനിക കേന്ദ്രം വളഞ്ഞിരിക്കുന്നതെന്ന് പ്രവിശ്യാ കൗണ്‍സില്‍ അംഗം മുഹമ്മദ് നാസിര്‍ നസാരി പറഞ്ഞു. 600ഓളം അഫ്ഗാന്‍ സൈനികരും സുരക്ഷാ സേനാ അംഗങ്ങളുമാണ് കേന്ദ്രത്തിലുള്ളത്. ഇവരുടെ കൈയിലുള്ള വെടിക്കോപ്പുകളും ഭക്ഷണവും വെള്ളവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. നാറ്റോ സേനയോ അഫ്ഗാന്‍ സര്‍ക്കാരോ ഇവരുടെ സഹായത്തിന് എത്തുന്നില്ലെന്ന് ജില്ലാ മേധാവി അബ്ദുല്‍ വാരിസ് ഷെര്‍സാദ് പറഞ്ഞു.
ബുധനാഴ്ച്ച രാത്രി ആരംഭിച്ച താലിബാന്റെ ആക്രമണത്തില്‍ നിവധി സുരക്ഷാ ചെക്ക് പോയിന്റുകള്‍ താലിബാന്‍ പെടിച്ചെടുത്തതായും 36 സൈനികര്‍ കൊല്ലപ്പെട്ടതായും ഷെര്‍സാദ് വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. 30ലേറെ താലിബാന്‍ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബാദ്ഗിസ് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ജംശേദ് ശഹാബി പറഞ്ഞു. നാലു ഭാഗത്തു നിന്നും ആക്രമണം നടത്തിയ പോരാളികള്‍ അഞ്ച് ചെക്ക് പോയിന്റുകള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് ഖാരി യൂസുഫ് അഹ്മദി അറിയിച്ചു. അതേ സമയം, സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ സൈന്യം ചെക്ക്‌പോയിന്റുകളില്‍ നിന്നു തന്ത്രപരമായി പിന്മാറിയതാണെന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.