ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരേ അഫ്ഗാനിസ്താന്‍ പൊരുതി തോറ്റു
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 13 ഓവറിന് ശേഷം ഞെട്ടിച്ചുകൊണ്ടായിരുന്ന അഫ്ഗാനിസ്താന്റെ പ്രകടനം.
സോഫിയാ ഗാര്‍ഡന്‍: ലോകകപ്പിലെ നവാഗതരായ അഫ്ഗാനിസ്താന്‍ ശ്രീലങ്കയ്ക്കു മുന്നില്‍ പൊരുതി തോറ്റു. 34 റണ്‍സിന്റെ ജയത്തോടെ ലങ്ക ആദ്യ ജയം നേടി. 187 റണ്‍സ് പിന്‍തുടര്‍ന്ന അഫ്ഗാനിസ്താന്‍ 152 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മഴമൂലം മല്‍സരം പല തവണ തടസ്സപ്പെട്ടിരുന്നു.
ടോസ് നേടിയ അഫ്ഗാനിസ്താന്‍ ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് 41 ഓവറാക്കി മല്‍സരം ചുരുക്കി. തുടര്‍ന്ന് ലങ്ക 36.5 ഓവറില്‍ 201 റണ്‍സെടുത്തു. ഡിഎല്‍എസ് നിയമപ്രകാരം അഫ്ഗാനിസ്താന്റെ ലക്ഷ്യം 41 ഓവറില്‍ 187 റണ്‍സായിരുന്നു. ലങ്കന്‍ ബൗളര്‍ സുവാന്‍ പ്രദീപിന്റെ ബൗളിങിന് മുന്നില്‍ പുതുമുഖരായ അഫ്ഗാന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. നാല് വിക്കറ്റാണ് സുവാന്‍ നേടിയത്. അഫ്ഗാന്‍ നിരയില്‍ നജീബുള്ളാ സദ്രാന്‍ 43 റണ്‍സെടുത്തും ഹസ്രത്ത് സസായ് 30 റണ്‍സെടുത്തും പൊരുതി. ഗുല്‍ബാദിന്‍ നെയ്ബ് 23 റണ്‍സെടുത്തു.ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ശ്രീലങ്കയ്ക്കായി ലസിത് മലിങ്ക മൂന്ന് വിക്കറ്റ് നേടി. സുവാന്‍ പ്രദീപാണ് മാന്‍ ഓഫ് ദിമാച്ച്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 13 ഓവറിന് ശേഷം ഞെട്ടിച്ചുകൊണ്ടായിരുന്ന അഫ്ഗാനിസ്താന്റെ പ്രകടനം. മികച്ച തുടക്കമായിരുന്നു ലങ്കയ്ക്ക്.92 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ എത്തി നില്‍ക്കെയാണ് ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. തുടര്‍ന്നാണ് അഫ്ഗാന്‍ ബൗളര്‍ മുഹമ്മദ് നബിയുടെ മിടുക്കില്‍ ലങ്ക വീണത്. നാല് വിക്കറ്റാണ് നബി നേടിയത്. സദ്രാന്‍, റാഷിദ് എന്നിവര്‍ അഫ്ഗാനായി രണ്ട് വീതം വിക്കറ്റ് നേടി. 78 റണ്‍സെടുത്ത കുസാല്‍ പെരേര, കരുണരത്‌ന(30), തിരിമാനെ(25) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ഓസിസിനോട് തോറ്റിരുന്നു.