യുഎസ് മരവിപ്പിച്ച കരുതല്‍ ശേഖരം ഉടന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കാബൂളില്‍ റാലി

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അഫ്ഗാനിസ്ഥാന്റെ ഫണ്ട് ഉടന്‍ അനുവദിക്കണമെന്ന് കാബൂളിലെ ഹാജി അബ്ദുല്‍ റഹ്മാന്‍ ഗ്രാന്‍ഡ് മോസ്‌ക്കിനു സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Update: 2021-09-27 15:30 GMT

കാബൂള്‍: താലിബാന്‍ അധികാരമേറ്റെടുത്തതിനു ശേഷം രാജ്യത്തിന് പുറത്ത് അമേരിക്ക മരവിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് റിസര്‍വ്വ് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് അഫ്ഗാനികള്‍ തെരുവിലിറങ്ങി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അഫ്ഗാനിസ്ഥാന്റെ ഫണ്ട് ഉടന്‍ അനുവദിക്കണമെന്ന് കാബൂളിലെ ഹാജി അബ്ദുല്‍ റഹ്മാന്‍ ഗ്രാന്‍ഡ് മോസ്‌ക്കിനു സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അവരില്‍ പലരും ഇംഗ്ലീഷില്‍ അച്ചടിച്ച സന്ദേശങ്ങളുള്ള ബാനറുകളുമേന്തിയാണ് പ്രതിഷേധത്തിനെത്തിയത്.

അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ കരുതല്‍ ശേഖരം യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ആഗസ്ത് 15ന് താലിബാന്‍ അധികാരമേറ്റെടുത്ത ശേഷം ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ഉള്‍പ്പെടെയുള്ള നിരവധി ദാതാക്കളും സംഘടനകളും അഫ്ഗാനുള്ള സഹായം നിര്‍ത്തിവച്ചിട്ടുണ്ട്. വിദേശ കരുതല്‍ ശേഖരം വിട്ടുനല്‍കണമെന്ന് താലിബാന്‍ ആവശ്യം ശക്തമാക്കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഇതുവരെ അനുകൂല സൂചനകളൊന്നും ലഭിച്ചിട്ടില്ല.

പ്രതിഷേധ പ്രകടനത്തിന്റെ ഫോട്ടോ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ധനം ഉടന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരമായ കാബൂളില്‍ ആളുകള്‍ തെരുവിലിറങ്ങി.'തങ്ങളുടെ ആളുകള്‍ കടുത്ത സാമ്പത്തിക സാഹചര്യത്തെ അഭിമുഖീകരിക്കുന്നു, കഠിനമായ ദാരിദ്ര്യത്തെ മറികടക്കാന്‍ തങ്ങളുടെ സ്വത്തുക്കള്‍ അടിയന്തിരമായി വിട്ടുനല്‍കണമെന്ന് അവര്‍ മുദ്രാവാക്യം മുഴക്കി'-സുഹൈല്‍ ഷഹീന്‍ ട്വിറ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനിലേക്കുള്ള ഗ്രാന്റുകള്‍ പ്രതിവര്‍ഷം 8.5 ബില്യണ്‍ ഡോളറാണ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 43% ന് തുല്യമാണിത്.

Tags:    

Similar News