ഹരിയാനക്കു പിന്നാലെ സ്വകാര്യ തൊഴിലിടങ്ങളില്‍ 75% പ്രാദേശിക പ്രാതിനിധ്യം നടപ്പാക്കാന്‍ ഒരുങ്ങി ഝാര്‍ഖണ്ഡ്

പുതിയ നയം വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

Update: 2021-03-13 18:55 GMT
മുംബൈ: തൊഴിലില്‍ പ്രാദേശിക പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് സ്വകാര്യമേഖലയിലെ 30,000 രൂപ വരെ ശമ്പളം ലഭിക്കുന്ന 75 ശതമാനം ജോലികള്‍ പ്രദേശവാസികള്‍ക്ക് സംവരണം ചെയ്തു കൊണ്ടുള്ള തൊഴില്‍ നയത്തിന് ഝാര്‍ഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നയം വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ മേഖലയിലെ നിശ്ചിത ശമ്പളമുള്ള 75% ജോലികള്‍ പ്രദേശവാസികള്‍ക്കായി സംവരണംചെയ്തുകൊണ്ടുള്ള സമാനമായ നയം ഹരിയാന സംസ്ഥാനം സ്വീകരിച്ചിരുന്നു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ ഫലമാണ് സോറന്റെ തീരുമാനം. സാമ്പത്തിക സര്‍വേയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഝാര്‍ഖണ്ഡിലെ തൊഴിലില്ലായ്മാ നിരക്ക് 59.2 ശതമാനത്തിലെത്തിയിട്ടുണ്ട്. കൊവിഡ് ബാധ സ്ഥിതി അതീവ ഗുരുതരമാക്കിയിട്ടുണ്ട്. 2021 ലെ ഝാര്‍ഖണ്ഡ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ പോളിസി കരട് ചര്‍ച്ച ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ദില്ലിയിലെ ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതായി ദേശീയ ദിനപത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.




Tags:    

Similar News