ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചതിനു പിന്നാലെ നടന്‍ വിനായകന്റെ വീടിന് നേരെ ആക്രമണം
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചതിനു പിന്നാലെ നടന്‍ വിനായകന്റെ വീടിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിന് പിന്നിലെ സ്‌റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിനു നേരെയാണ് ആക്രമണമുണ്ടായത്. ഫ്‌ലാറ്റിലെ ജനലിന്റെ ചില്ല് തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. ഉമ്മന്‍ചാണ്ടിക്ക് ജയ് വിളിച്ചെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ട്. പോലിസും ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് പ്രതിഷേധക്കാരെ നീക്കിയത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ വീഡിയോ പിന്‍വലിച്ചിരുന്നു. പിന്നാലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് വിനായകനെതിരേ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസി. പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയാ ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.