അഗ്നിപഥ് പദ്ധതി:രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു,ബിഹാറില്‍ പ്രതിഷേധം അക്രമാസക്തം
ഇന്ത്യ ഇരു വശങ്ങളില്‍ നിന്നും ഭീഷണി നേരിടുമ്പോള്‍ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു.കേന്ദ്രം യുവാക്കളെ വിഡ്ഢികളാക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്.സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമിക്കുമ്പോള്‍ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്നാണ് ആരോപണം.വിരമിക്കുമ്പോള്‍ അലവന്‍സോ പെന്‍ഷന്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്ന ആരോപണങ്ങളും പ്രതിഷേധത്തില്‍ ഉയരുന്നുണ്ട്.
അഗ്നിപഥ് പദ്ധതിക്കെതിരേ ബീഹാറില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്ന് വരികയാണ്.വിവിധ ജില്ലകളില്‍ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ഥികള്‍ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്‌സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. അറായിലെ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
മുന്‍ഗറിലെ സഫിയാബാദില്‍ പ്രതിഷേധക്കാര്‍ പട്‌ന ഭഗല്‍പൂര്‍ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കില്‍ നൂറുകണക്കിന് യുവാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജെഹാനാബാദില്‍ വിദ്യാര്‍ഥികള്‍ ഗയ പട്‌ന റെയില്‍വേ ട്രാക്ക് ഉപരോധിക്കുകയും റോഡില്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പ്രതിഷേധക്കാര്‍ പോലിസിന് നേരെ കല്ലെറിയുകയും ചെയ്തു.
അതേസമയം പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും,പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.ഇന്ത്യ ഇരു വശങ്ങളില്‍ നിന്നും ഭീഷണി നേരിടുമ്പോള്‍ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സേനയുടെ അച്ചടക്കവും ഊര്‍ജവും വിട്ടുവീഴ്ച ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ബിജെപി സര്‍ക്കാര്‍ പരീക്ഷണ ശാലയാക്കി മാറ്റുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. വര്‍ഷങ്ങളായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍, സര്‍ക്കാറിന് ഒരു ഭാരമായി തോന്നുന്നുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു.സായുധസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പോലെ നിര്‍ണായകമായ ഒരു വിഷയത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായില്ല. എന്തിനാണ് സര്‍ക്കാറിന് പിടിവാശിയെന്നും പ്രിയങ്ക ചോദിച്ചു.
പദ്ധതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ പദ്ധതിയെ ന്യായീകരിച്ച് കരസേനാ ഉപമേധാവി ലഫ്റ്റ്‌നന്റ് ജനറല്‍ ബി എസ് രാജു രംഗത്തെത്തി.അഗ്നിവീര്‍മാരെ നിയമിക്കാനുള്ള നടപടി ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 6 മാസം കൊണ്ട് കാല്‍ലക്ഷം അഗ്നിവീര്‍ സൈനികരെ നിയമിക്കും,തൊട്ടടുത്ത വര്‍ഷം 15,000 പേരെ നിയമിക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സേനയുടെ 25 ശതമാനവും അഗ്നിവീര്‍ സൈനികര്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സേനയുടെ ശരാശരി പ്രായം 26 ആക്കി കുറയ്ക്കാന്‍ അഗ്നിപഥ് പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.