സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് 11.4 കോടി തട്ടി; യുപിയിൽ പ്രിൻസിപ്പൽ അറസ്റ്റിൽ
എൻജിഒയുടെ പേരിൽ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറെടുത്തു. പിന്നീടാണ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയത്.
ലഖ്നോ: യുപിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും 11.4 കോടി രൂപ തട്ടിയ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഫിറോസാബാദ് ജില്ലയിലെ ഷികോഹാബാദിലെ താമസക്കാരനായ ചന്ദ്രകാന്ത് ശർമ്മയാണ് അറസ്റ്റിലായത്. വ്യാജ എൻജിഒയെ ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
വ്യാജ ബില്ലുകൾ സമർപ്പിച്ചാണ് ഇയാൾ ഉച്ചഭക്ഷണ പദ്ധതിയിൽ തട്ടിപ്പ് നടത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് എൻജിഒയും രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരേ അഴിമതി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് യുപി പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
2007ലാണ് ഭാര്യയേയും അമ്മയേയും പിതാവിനേയും ഭാരവാഹികളാക്കി ഇയാൾ സരസ്വത് അവേശ്വ ശിക്ഷക് സേവ സമിതി എന്ന എൻജിഒക്ക് രൂപം നൽകിയത്. പിന്നീട് എൻജിഒയിലെ തന്റെ അമ്മയുൾപ്പടെയുള്ള അംഗങ്ങൾ മരിച്ചുവെന്ന് കാണിച്ച് സംഘടനയുടെ മാനേജർ, സെക്രട്ടറി പദങ്ങൾ ഇയാൾ ഭാര്യക്ക് നൽകി. ഈ എൻജിഒയുടെ പേരിൽ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറെടുത്തു. പിന്നീടാണ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയത്.