പെയിന്റിനെ ചൊല്ലിയുള്ള തര്‍ക്കം: ഖത്തര്‍ എയര്‍വേസുമായുള്ള 600 കോടി ഡോളറിന്റെ കരാര്‍ റദ്ദാക്കി എയര്‍ ബസ്
അവരുടെ പുതിയ എ 321 യാത്ര ജെറ്റ് വിമാനങ്ങളുടെ കരാറാണ് റദ്ദാക്കിയത്. ഖത്തര്‍ എയര്‍വേസും എയര്‍ബസും തമ്മില്‍ എ350എസ് വിമാനങ്ങളുടെ പെയിന്റുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി തര്‍ക്കം നിലനില്‍ക്കുകയാണ്.
ദോഹ: ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസുമായുണ്ടാക്കിയിരുന്ന 600 കോടി ഡോളറിന്റെ കരാര്‍ യൂറോപ്യന്‍ എയറോസ്‌പേസ് കമ്പനിയായ എയര്‍ ബസ് റദ്ദാക്കി.അവരുടെ പുതിയ എ 321 യാത്ര ജെറ്റ് വിമാനങ്ങളുടെ കരാറാണ് റദ്ദാക്കിയത്. ഖത്തര്‍ എയര്‍വേസും എയര്‍ബസും തമ്മില്‍ എ350എസ് വിമാനങ്ങളുടെ പെയിന്റുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി തര്‍ക്കം നിലനില്‍ക്കുകയാണ്.
വിമാനങ്ങളുടെ ബോഡിക്ക് നിലവാരം പോര എന്നാരോപിച്ചാണ് ഖത്തര്‍ എയര്‍വേസ് എയര്‍ബസുമായി അസ്വാരസ്യമുണ്ടായത്. അടുത്തിടെ ഖത്തറിന് കൈമാറിയ എയര്‍ബസ് എ350 വിമാനങ്ങളിലെ പെയിന്റ് പൊട്ടുകയും ബോഡിയിലെ പെയ്ന്റ് ഇളകുകയും ചെയ്തിരുന്നു. കൂടാതെ, മിന്നലില്‍നിന്ന് വിമാനത്തെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന മിശ്രിതത്തിന് കേടുകള്‍ ഉണ്ടെന്നും എയര്‍വേസ് പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും എയര്‍വേസ് പുറത്തുവിട്ടിരുന്നു.
ഖത്തറിന്റെ 13 എയര്‍ബസുകള്‍ക്ക് ഭാരം കുറവാണെന്നും ജെറ്റ് വിമാനം പോലെ ചെലവ് കുറഞ്ഞ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ദീര്‍ഘദൂര യാത്രക്ക് ഉപയോഗിക്കുന്ന ഇവയ്ക്കു കടുത്ത നിലവാരത്തകര്‍ച്ചുണ്ടെന്നും എയര്‍വേസ് ആരോപിച്ചിരുന്നു.
എന്നാല്‍, ആരോപണം നിഷേധിച്ച എയര്‍ ബസ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമായിരുന്നില്ല. ഇതിനെതുടര്‍ന്ന് ഡിസംബറില്‍, ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ബസ് കമ്പനിക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലണ്ടനിലെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഖത്തറുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കിയത്.