ഓപ്പൺ ടോയലറ്റ്, എയർ കണ്ടീഷൻ വീടുകൾ, തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് കരിമം കോളനിയിൽ
നിരവധി ആദിവാസി ഊരുകളിൽ ഇപ്പോഴും കക്കൂസുകൾ ഇല്ല. മഴ പെയ്താൽ ആദിവാസികളുടെ വീട്ടിനകത്ത് നീന്തൽ കുളമാണ്. ഇത്തരം വികസന പെരുമഴയാണ് സർക്കാർ ആദിവാസികൾക്ക് നൽകുന്നതെന്നും സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
മാനന്തവാടി: ഇടതുപക്ഷ ഭരിക്കുന്ന വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്തിൻറെ ആദിവാസി വിരുദ്ധ നടപടിക്കെതിരേ എഐവൈഎഫ് മണ്ഡലം സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എഐവൈഎഫ് മാനന്തവാടി മണ്ഡലം സെക്രട്ടറി എംകെ സജീഷാണ് ഇടതുപക്ഷത്തെ പ്രതിരോധത്തിലാഴ്ത്തിക്കൊണ്ട് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഞാൻ ഒരു ഇടതു പക്ഷക്കാരനാണ്.പാർട്ടി ഭാരവാഹിയുമാണ്. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് രൂപപ്പെട്ട കാലം മുതൽ പഞ്ചായത്ത് ഭരിക്കുന്നത് ഇടതു പക്ഷമാണ്. ആദ്യ കാലങ്ങളിൽ അധസ്ഥിത വിഭാഗത്തിനൊപ്പം നിന്ന് പോന്ന പാർട്ടി ഇപ്പൊ ചില വ്യക്തികളുടെ സ്വാർത്ഥ ലാഭങ്ങൾക്ക് മാത്രമായി ഒതുങ്ങി. ആദിവാസികളുടെ വിഷയങ്ങളിൽ ഒന്നും ഇടപെടുന്നില്ലെന്നും ഇവിടെ ആദിവാസികൾ ദുരവസ്ഥയിലാണ് എന്നാൽ മാവോവാദികൾ ഊരുകളിൽ എത്തുമ്പോൾ മാത്രമാണ് മാധ്യമങ്ങൾ പോലും തിരിഞ്ഞു നോക്കുന്നത്.
ഫണ്ട് ഉണ്ടായിട്ടും കരിമം കോളനിയുടെ വികസനം തടഞ്ഞത് ഇടതു പക്ഷത്തിലെ ചില വ്യക്തികളുടെ വികല രാഷ്ട്രീയബോധം കൊണ്ടൊന്നുമാത്രമാണെന്ന ഗുരുതരമായ ആരോപണവും മണ്ഡലം സെക്രട്ടറി ഉന്നയിക്കുന്നു. റിസോർട്ട് മാഫിയയുടെ പ്രവർത്തനം പ്രദേശത്തെ ആദിവാസികളുടെ സ്വൈര്യ ജീവിതം തകർക്കുന്നു. ഇതിനും പഞ്ചായത്ത് അധികൃതരുടെ ഒത്താശയുണ്ട്.
നിരവധി ആദിവാസി ഊരുകളിൽ ഇപ്പോഴും കക്കൂസുകൾ ഇല്ല. മഴ പെയ്താൽ ആദിവാസികളുടെ വീട്ടിനകത്ത് നീന്തൽ കുളമാണ്. ഇത്തരം വികസന പെരുമഴയാണ് സർക്കാർ ആദിവാസികൾക്ക് നൽകുന്നതെന്നും സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഇതിനോടകം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ്.