'നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് തന്റെ വീട് സമ്മാനമായി നല്‍കും'; അജ്മീര്‍ ദര്‍ഗാ ഖാദിം അറസ്റ്റില്‍
തിങ്കളാഴ്ച രാത്രി സല്‍മാന്‍ ചിഷ്തിയുടെ വാഗ്ദാനം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ രാജസ്ഥാന്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അജ്മീര്‍ (രാജസ്ഥാന്‍): പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് തന്റെ വീട് സമ്മാനമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ ഖാദിം സല്‍മാന്‍ ചിഷ്തി അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സല്‍മാന്‍ ചിഷ്തിയുടെ വാഗ്ദാനം.
മുഹമ്മദ് നബിയെക്കുറിച്ചുള്ള മോശം പരാമര്‍ശം ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിനും ഗള്‍ഫ് രാജ്യങ്ങളുടെ അപലപത്തിനും കാരണമായിരുന്നു. തിങ്കളാഴ്ച രാത്രി സല്‍മാന്‍ ചിഷ്തിയുടെ വാഗ്ദാനം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ രാജസ്ഥാന്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ലാത്ത വീഡിയോയില്‍ നൂപൂര്‍ ശര്‍മ്മയുടെ തല കൊണ്ടുവരുന്ന ആര്‍ക്കും തന്റെ വീട് എഴുതി നല്‍കുമെന്നായിരുന്നു വാഗ്ദാനം.പ്രവാചകനെ അവഹേളിച്ചതിന് അവളെ വെടിവെച്ചു കൊല്ലുമായിരുന്നുവെന്നും വീഡിയോയിലുണ്ട്.
'നിങ്ങള്‍ എല്ലാ മുസ്‌ലിം രാജ്യങ്ങള്‍ക്കും മറുപടി നല്‍കണം. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, ഈ സന്ദേശം ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍ നിന്നാണ്'- പ്രശസ്ത സൂഫി കേന്ദ്രത്തെ സൂചിപ്പിച്ച് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലിസ് ഓഫിസര്‍ ദല്‍വീര്‍ സിംഗ് ഫൗജ്ദാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അജ്മീര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്റെ ഓഫിസ് വീഡിയോയെ അപലപിക്കുകയും ഇവിടം സാമുദായിക സൗഹാര്‍ദത്തിന്റെ സ്ഥലമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. വീഡിയോയില്‍ 'ഖാദിം' പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ ദര്‍ഗയില്‍ നിന്നുള്ള സന്ദേശമായി കണക്കാക്കാനാവില്ലെന്നും പരാമര്‍ശങ്ങള്‍ ഒരു വ്യക്തിയുടെ മാത്രം പ്രസ്താവനയാണെന്നും അത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.