ഇതിന് മുമ്പും പള്ളി നിലനില്‍ക്കുന്ന സ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം തങ്ങള്‍ ഉയര്‍ത്തിയിരുന്നതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഈ സ്ഥലം സരസ്വതി കാന്തഭരണ മഹാവിദ്യാലയമായിരുന്നു. ആക്രമണകാരികള്‍ പിടിച്ചെടുത്ത് അത് തകര്‍ക്കുകയായിരുന്നു. ഇവിടം സംരക്ഷിക്കണമെന്ന് ഇതിന് മുമ്പും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.-നീരജ് ജെയിന്‍ പറഞ്ഞു.
പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം അവിടെ മുമ്പൊരു ക്ഷേത്രവും സംസ്‌കൃത സ്‌കൂളും ഉണ്ടായിരുന്നു എന്നാണ് ജൈന സന്യാസിമാര്‍ അവകാശപ്പെട്ടത്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൈന സന്യാസി സുനില്‍ സാഗറിനൊപ്പം രാജസ്ഥാനിലെ വി.എച്ച്.പി, ബജ്റംഗ്ദള്‍ നേതാക്കളാണ് പ്രദേശം സന്ദര്‍ശിച്ചത്.
ഗണപതിയുടെതോ അല്ലെങ്കില്‍ യക്ഷന്റെ സാദൃശ്യമുള്ള ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ തങ്ങള്‍ കണ്ടെന്നാണ് പള്ളി സന്ദര്‍ശിച്ചതിന് ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് പള്ളി. ജൈന സന്യാസിമാരുടെ സന്ദര്‍ശനത്തിനു പിന്നാലെ അജ്മീര്‍ ദര്‍ഗ പുരോഹിതന്‍ സയ്യിദ് സര്‍വാര്‍ ചിഷ്തി പ്രസ്താവന പുറത്തിറക്കി. എങ്ങനെയാണ് കാര്യമായ വസ്ത്രം പോലും ധരിക്കാതെ ആളുകള്‍ക്ക് അധായ് ദിന്‍ കാ ജോന്‍പുരയുടെ ഉള്ളിലേക്ക് കടക്കാന്‍ കഴിയുന്നത്. അതിനുള്ള ഒരു മസ്ജിദ് കൂടി ഉണ്ടെന്നുള്ളത് ഓര്‍ക്കണമായിരുന്നു. എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദുകളിലൊന്നാണിത്.