പൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് ആകാശ എയര്‍
ന്യൂഡല്‍ഹി: പുതുതായി ആരംഭിച്ച ആകാശ എയറില്‍ പൈലറ്റുമാര്‍ അപ്രതീക്ഷിതമായി കൂട്ടരാജിയെടുത്തതിനാല്‍ സപ്തംബറില്‍ 600 മുതല്‍ 700 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് കമ്പനിയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ ഡല്‍ഹി ഹൈക്കോടതിയിലാണ് പ്രതിസന്ധി സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനം തുടങ്ങി 13 മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് വിമാനക്കമ്പനിക്ക് അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വരുന്നത്. നോട്ടീസ് കാലാവധി പൂര്‍ത്തിയാവാതെ രാജിവച്ച പൈലറ്റുമാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതുമൂലം ഉണ്ടാവുന്ന നഷ്ടപരിഹാരം പൈലറ്റുമാരില്‍നിന്ന് ഈടാക്കാനാണ് ശ്രമം. സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നത് കമ്പനിയുടെ സല്‍പേരിനെ പ്രതികൂലമായി ബാധിക്കുമെന്നും ആകാശ കോടതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, തങ്ങളുടെ പൈലറ്റുമാരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊണ്ടുപോവുകയാണെന്നും ആകാശ എയറിനു വേണ്ടി കോടതിയില്‍ ഹാജരായ ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറ ആരോപിച്ചു. നിലവില്‍ പ്രതിദിനം 120 വിമാനങ്ങളാണ് ആകാശ എയര്‍ സര്‍വീസ് നടത്തുന്നത്. പൈലറ്റുമാരുടെ രാജി കാരണം ആഗസ്തില്‍ 700 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. നിര്‍ബന്ധിത നോട്ടീസ് പിരീഡ് നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) അധികാരം നല്‍കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റും കാരണമുണ്ടായ നഷ്ടപരിഹാരമായി ഏകദേശം 22 കോടി രൂപ ആവശ്യട്ടിട്ടുണ്ട്. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ മാറ്റംവരുത്തിയതുവഴി കമ്പനി തങ്ങളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവച്ചത്. ഈയിടെ 20 പുതിയ വിമാനങ്ങള്‍കൂടി ആകാശിനു കീഴിലെത്തിയിരുന്നു. വിദേശറൂട്ടുകളിലേക്കടക്കം സര്‍വീസ് വിപുലീകരിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത പ്രതിസന്ധി.