വീട്ടിലേക്ക് വരുന്നവരോട് അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല; മേയര്‍ എം കെ വര്‍ഗീസ്
തൃശൂര്‍: വി എസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേയര്‍ എം കെ വര്‍ഗീസ്. ബിജെപി സംസ്ഥാന പ്രസിഡന്റല്ല ആര് കേക്കുമായി വന്നാലും താന്‍ അത് സ്വീകരിക്കുമെന്നും ഇത്തരത്തില്‍ സ്‌നേഹം പങ്കിടാന്‍ ഒരു കേക്കുമായി എന്റെ വീട്ടിലേക്ക് വരുമ്പോള്‍ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ലെന്നുമായിരുന്നു മറുപടി. താന്‍ ക്രിസ്ത്യാനിയാണെന്നും നാല് വര്‍ഷക്കാലമായി താന്‍ കേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ഓഫീസില്‍ എത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുനില്‍കുമാര്‍ എംപി ആണെന്ന് കരുതുക, ബിജെപി ഒരു കേക്ക് കൊടുത്താല്‍ അദ്ദേഹം വാങ്ങില്ലേ എന്ന് എം കെ വര്‍ഗീസ് ചോദിച്ചു. സുനില്‍കുമാറിന് എന്തും പറയാം അദ്ദേഹം പുറത്തുനില്‍ക്കുന്നയാളെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്ത് നിലനില്‍ക്കുന്ന ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സുനില്‍ കുമാര്‍ പറഞ്ഞതെന്നും വര്‍ഗീസ് കൂട്ടിചേര്‍ത്തു.
ബിജെപിയില്‍ നിന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും തൃശൂര്‍ മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നുമായിരുന്നു വിഎസ് സുനില്‍കുമാര്‍ പറഞ്ഞത്. ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയര്‍ പ്രവര്‍ത്തിച്ചതാണെന്നും വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.