കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം; കോണ്‍ഗ്രസിനെതിരേ നിലപാട് കടുപ്പിച്ച് മുസ് ലിം ലീഗ്

കോര്‍പറേഷനിലെ പരിപാടികള്‍ ബഹിഷ്‌കരിക്കും, അവിശ്വാസപ്രമേയത്തിനും നീക്കം

Update: 2023-07-02 16:17 GMT

കണ്ണൂര്‍: യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം സംബന്ധിച്ച തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് മുസ് ലിം ലീഗ്. മുന്നണി ധാരണ പ്രകാരമുള്ള രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മേയര്‍ പദവി മുസ് ലിം ലീഗ് പ്രതിനിധിക്ക് കൈമാറാത്തതിനെതിരേ ജില്ലാ നേതൃത്വം ഡിസിസി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മുസ് ലിം ലീഗ് ജില്ലാ നേതൃയോഗം കോര്‍പറേഷനിലെ യുഡിഎഫ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, അവിശ്വാസ പ്രയമേയം കൊണ്ടുവനരാനും ആലോചനയുണ്ടെന്നാണ് വിവരം. ഏറെക്കാലമായുള്ള ധാരണ പ്രകാരം മേയര്‍ പദവി കൈമാറാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതിനാല്‍ കോര്‍പേറഷനിലെ യുഡിഎഫിന്റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്താല്‍ ലീഗിന്റെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം തീരുമാനമായിരിക്കും പ്രകടിപ്പിക്കുകയെന്നും മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. ഇതുപ്രകാരം നാളെ രാവിലെ 10.30നു താണ സാധു കല്യാണമണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ലീഗ് ബഹിഷ്‌കരിക്കും. നിലവില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി ഒ മോഹനനാണ് കണ്ണൂര്‍ മേയര്‍. മുസ് ലിം ലീഗിലെ കെ ഷബീനയാണ് ഡെപ്യൂട്ടി മേയര്‍.

    കാലങ്ങളായി കണ്ണൂര്‍ നഗരസഭ ഉള്ളപ്പോഴും രണ്ടര വര്‍ഷം വീതമാണ് കോണ്‍ഗ്രസും ലീഗും ചെയര്‍മാന്‍ പദവി പങ്കിട്ടിരുന്നത്. ആദ്യമായി കോര്‍പറേഷന്‍ ആയപ്പോള്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയില്‍ ഇടതുപക്ഷമാണ് ഭരിച്ചിരുന്നത്. കെ സുധാകരന്റെ അടുത്ത അനുയായിയായിരുന്ന പി കെ രാഗേഷ് പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ ഇടഞ്ഞാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. പിന്നീട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും കോണ്‍ഗ്രസിലെത്തി. ഈയിടെ വീണ്ടും ബാങ്ക് ഭരണവുമായി ബന്ധപ്പെട്ട് പി കെ രാഗേഷ് കോണ്‍ഗ്രസ് ഔദ്യോഗിക പാനലിനെ തോല്‍പ്പിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അതിനിടെയാണ്, മുസ് ലിം ലീഗ് തങ്ങള്‍ക്ക് അവകാശപ്പെട്ട മേയര്‍ പദവി കോണ്‍ഗ്രസ് അനുവദിച്ചുതരുന്നില്ലെങ്കില്‍ ശക്തമായി പ്രതികരിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തട്ടകത്തില്‍ തന്നെ മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടാവുന്ന വിധത്തില്‍ ഭിന്നത ഉടലെടുത്തത് യുഡിഎഫിന് തലവേദനയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News