പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കിയില്ലെന്ന്; സിപിഎമ്മിന് 25,000 രൂപ പിഴയിട്ട് കണ്ണൂര്‍ കോര്‍പറേഷന്‍

Update: 2022-10-08 05:35 GMT

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയം വൃത്തിയാക്കിയില്ലെന്നാരോപിച്ച് സിപിഎമ്മിന് പിഴ ചുമത്തി കണ്ണൂര്‍ കോര്‍പറേഷന്‍. 25,000 രൂപ പിഴയീടാക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിനും റാലിക്കും ജവഹര്‍ സ്‌റ്റേഡിയം ഉപയോഗിച്ചിരുന്നു. സെമിനാറിനുശേഷം ജവാഹര്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന മാലിന്യം യഥാസമയം നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണു കോര്‍പറേഷന്റെ നടപടി. സ്‌റ്റേഡിയം ബുക്ക് ചെയ്യുന്ന സമയത്തു നിക്ഷേപമായി നല്‍കിയ 25,000 രൂപ തിരിച്ചുനല്‍കേണ്ടതില്ലെന്നാണ് കൗണ്‍സില്‍ തീരുമാനിച്ചത്. 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളിയാണ് തീരുമാനം. സെമിനാറിനുശേഷം സ്‌റ്റേഡിയത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിന് 23 തൊഴിലാളി കള്‍ രണ്ടുദിവസം ശുചീകരണം നടത്തേണ്ടിവന്നതായി കോര്‍പറേഷന്‍ വ്യക്തമാക്കി. മാലിന്യം നീക്കം ചെയ്യാന്‍ വാഹനം അടക്കം ഉപയോഗപ്പെടു ത്തിയതിന് ഉള്‍പ്പെടെ കോര്‍പറേഷന് 42,700 രൂപ ചെലവ് വരുമെന്നും ഈ തുക ഈടാക്കണണമെന്നും കോര്‍പറേഷന്‍ ബി ഡിവിഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബാക്കിവരുന്ന 17,000 രൂപ കൂടി പിഴ ഒടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ക്ക് കോര്‍പറേഷന്‍ നേരത്തേ നോട്ടിസ് നല്‍കിയിരുന്നു.

എന്നാല്‍, നിക്ഷേപമായി നല്‍കിയ തുക പിഴയായി കണക്കാക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 6 മുതല്‍ 10 വരെയായാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ബര്‍ണശ്ശേരി നായനാര്‍ അക്കാദമിയിലും അനുബന്ധ സെമിനാര്‍ കണ്ണൂര്‍ ജവാഹര്‍ സ്‌റ്റേഡിയത്തിലും നടന്നത്. യുഡിഎഫാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്. എല്‍ഡിഎഫാണ് പ്രതിപക്ഷത്ത്. അതേസമയം, നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. ഇത് ശുദ്ധ രാഷ്ട്രീയവിവരക്കേടാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

കോര്‍പറേഷന്‍ സ്റ്റേഡിയം പരിസരം കാടുപിടിച്ച് നശിച്ച അവസ്ഥയിലായിരുന്നു. അവിടെ വൃത്തിയാക്കിയാണ് പരിപാടി നടത്തിയത്. കോര്‍പറേഷന്‍ ഒന്നും ചെയ്യുകയുമില്ല, മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയുമില്ല എന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, നടപടി രാഷ്ട്രീയ പകപോക്കലല്ലെന്ന് കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പ്രതികരിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമല്ല. സി.പി.എമ്മാണ് ഇതിനെ രാഷ്ട്രീയമാക്കി കാണുന്നത്. സ്‌റ്റേഡിയം ശുചീകരിക്കാന്‍ 42,700 രൂപ ചെലവായി. അഡ്വാന്‍സായി നല്‍കിയ 25000 രൂപ പിഴയായി കണക്കാക്കും. മേലില്‍ ആവര്‍ത്തിക്കരുത് എന്നതിന് വേണ്ടിയാണ് പിഴ ഈടാക്കിയതെന്ന് മേയര്‍ മോഹനന്‍ പറഞ്ഞു.

Tags:    

Similar News