സില്‍വര്‍ലൈന്‍: സിപിഎമ്മില്‍ ഭിന്നതയില്ലെന്ന് യെച്ചൂരി

Update: 2022-04-08 05:31 GMT

കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും വിശദീകരിച്ചു. പദ്ധതിയില്‍ സിപിഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്നാവര്‍ത്തിച്ച അദ്ദേഹം പിണറായി വിജയനും സീതാറാം യെച്ചൂരിയും താനും ഒരേ അഭിപ്രായമാണ് പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോള്‍ നടക്കുന്ന സാമൂഹികാഘാത പഠനത്തില്‍ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികള്‍ക്ക് യോജിപ്പാണെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ബിജെപി ശ്രമം നടക്കുന്നു. അത് എതിര്‍ക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇക്കാര്യത്തില്‍ ആരെല്ലാം എന്തെല്ലാം നയമാണ് സ്വീകരിക്കുന്നതെന്നതാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സഖ്യം അവര്‍ തീരുമാനിക്കേണ്ട വിഷയമാണെന്നും എസ് ആര്‍പി പ്രതികരിച്ചു.

കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഇന്ന് അവസാനിക്കും. ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളിലും വിമര്‍ശനങ്ങളിലും കേന്ദ്ര നേതൃത്വം ഉച്ചയോടെ മറുപടി നല്‍കും.

Tags:    

Similar News