ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ട്രസ്റ്റിന്റെ ക്ഷണം തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠദിന ചടങ്ങിലേക്ക് സീതാറാം യെച്ചൂരിയെ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയാധ്യകത്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറി തുടങ്ങി പ്രതിപക്ഷത്തെ വിവിധ നേതാക്കളെ രാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ നേരിട്ട് ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനോട് സോണിയാഗാന്ധിക്ക് അനുകൂല നിലപാടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, സോണിയാഗാന്ധി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.