ബിജെപിയുടെ വര്‍ഗീയ ഭരണം അവസാനിപ്പിക്കാന്‍ രാജ്യസ്‌നേഹികള്‍ ഒരുമിക്കണം: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സംഘപരിവാര്‍ രാഷ്ട്രീയം വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ലക്ഷ്യം. ബിജെപിയുടെ വര്‍ഗീയഭരണം അവസാനിപ്പിക്കുകയെന്നതാണ് രാജ്യസ്‌നേഹികളായ എല്ലാവരും ഒരേ മനസോടെ ഏറ്റെടുക്കേണ്ട അടിയന്തര കടമ,' യെച്ചൂരി പറഞ്ഞു.
സംഘര്‍ഷഭരിതമായ അന്തരീക്ഷം വികസനത്തെ പിന്നോട്ടടിപ്പിക്കും. ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ദുരിതങ്ങളില്‍ സാധാരണക്കാര്‍ നട്ടംതിരിയുകയാണ്. ജനകീയ പ്രശ്‌നങ്ങള്‍ക്കൊന്നും സര്‍ക്കാരിന് പരിഹാരമില്ല.
നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്ന അസ്വാഭാവിക സാഹചര്യമാണുള്ളത്. ബിജെപി ഭരണത്തില്‍ കോര്‍പറേറ്റുകള്‍ മാത്രമാണ് കൊഴുക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സിപിഎം പങ്കുവെച്ച കോളത്തിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
'സമ്പന്നരുടെ പട്ടികയില്‍ 330ാമത് ആയിരുന്ന വ്യക്തി ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുകയാണ്.
പൊതുമേഖലയെന്നത് രാജ്യത്തിന്റെ സ്വത്താണ്. ജനങ്ങളാണ് ഉടമകള്‍. അവരുടെ അനുമതിയില്ലാതെയാണ് മേല്‍നോട്ടക്കാരന്‍ മാത്രമായ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല അപ്പാടെ വിറ്റഴിക്കുന്നത്. എന്നാല്‍ പൊതുസ്വത്ത് കൊള്ളയടിക്കുന്ന ഈ മേല്‍നോട്ടക്കാരനെ 2024ല്‍ നീക്കണം.
മോദി സര്‍ക്കാരിന്റെ നയമാണ് രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് വര്‍ഗീയതയും ആക്രമണവും വളര്‍ത്തുകയാണെന്നും അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്നും ബൃന്ദാ കാരാട്ട് പറഞ്ഞിരുന്നു.