സിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്ക് ലീഗിന്റെ നോട്ടീസ്

വാരം എളയാവൂര്‍ സിഎച്ച് സെന്ററിലെ കാരുണ്യ സംഗമത്തില്‍ പങ്കെടുത്തതിനാണ് കോര്‍പറേഷന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി കെ ഷബീനക്ക് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

Update: 2023-03-26 11:06 GMT

കണ്ണൂര്‍: പാര്‍ട്ടിവിലക്ക് ലംഘിച്ച് സിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്ക് ലീഗിന്റെ നോട്ടീസ്. വാരം എളയാവൂര്‍ സിഎച്ച് സെന്ററിലെ കാരുണ്യ സംഗമത്തില്‍ പങ്കെടുത്തതിനാണ് കോര്‍പറേഷന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി കെ ഷബീനക്ക് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. കോര്‍പറേഷന്റെ ഔദ്യോഗിക പരിപാടിയിലാണ് ഷബീന പങ്കെടുത്തതെങ്കിലും ഓഫിസ് സെക്രട്ടറി നസീര്‍ ചാലാട് നേരിട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വാരം സിഎച്ച് സെന്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ജില്ലാ ലീഗ് കമ്മിറ്റിയിലുള്ള വിഭാഗീയതയാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

    കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കോര്‍പറേഷന്‍ കുടുംബശ്രീ യൂനിറ്റും ഇരിക്കൂര്‍ പഞ്ചായത്ത് കുടുംബശ്രീയും ചേര്‍ന്ന് വാരം സിഎച്ച് സെന്ററില്‍ കാരുണ്യ സംഗമം നടത്തിയത്. ഡെപ്യൂട്ടി മേയര്‍ കെ ഷബീനയായിരുന്നു ഉദ്ഘാടനം ചെയ്തത്. കേന്ദ്രത്തിലെ അന്തേവാസികളോടൊത്ത് ഏറെനേരം ചെലവഴിക്കുകയും ചെയ്തു. ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി സി നസിയത്ത് പഞ്ചായത്ത്തല കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു. എന്നാല്‍, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഡെപ്യൂട്ടി മേയര്‍ പി കെ ഷബീനയ്ക്കു മാത്രമാണെന്നത് നടപടിയില്‍ വിവേചനമുണ്ടെന്ന ആക്ഷേപത്തിന് കാരണമാക്കിയിട്ടുണ്ട്. വാരം സിഎച്ച് സെന്റര്‍ മുസ് ലിം ലീഗിന്റെ അധീനതയിലുള്ള സ്ഥാപനമാണ്. എന്നാല്‍ താഹിര്‍ പുറത്തീല്‍, സി സമീര്‍ തുടങ്ങിയവരെ സ്ഥാപനത്തിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമാക്കണമെന്ന മുസ് ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം ഇവര്‍ അവഗണിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്രവുമായി സഹകരിക്കരുതെന്ന് മുസ് ലിംലീഗ് ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കേന്ദ്രത്തിന് സഹായവുമായി മുസ് ലിം ലീഗ് പ്രവര്‍ത്തകരും ചില നേതാക്കളും തന്നെയാണ് രംഗത്തുള്ളത്. ഇതിനിടെ, ഡെപ്യൂട്ടി മേയര്‍ പി കെ ഷബീന കാരുണ്യസംഗമം ഉദ്ഘാടനത്തിനെത്തിയത് പാര്‍ട്ടി വിലക്ക് ലംഘിച്ചതാണെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്.

Tags:    

Similar News