നിയമനക്കത്ത് വ്യാജം; ലെറ്റര്‍പാഡോ സീലോ ദുരപയോഗം ചെയ്തിട്ടില്ല; ഓംബുഡ്‌സ്മാനോട് മേയര്‍ ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കായി പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയെന്നു പറയുന്ന കത്ത് വ്യാജമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഓംബുഡ്‌സ്മാന് വിശദീകരണം നല്‍കി. ഔദ്യോഗിക ലെറ്റര്‍പാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും തന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും മേയര്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീര്‍ഷായാണ് ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്.
കോര്‍പറേഷന്റെ ലെറ്റര്‍ പാഡില്‍ തന്റെ ഒപ്പ് കൃത്രിമമായി സ്‌കാന്‍ ചെയ്ത് ഉള്‍പ്പെടുത്തിയതാവാമെന്നാണ് ക്രൈംബ്രാഞ്ചിന് മേയര്‍ നല്‍കിയ മൊഴി. ഓഫിസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫിസ് രേഖകളോ കംപ്യൂട്ടറുകളോ ക്രൈംബ്രാഞ്ച് പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനില്‍ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. അതേസമയം, മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന സമരങ്ങള്‍ സംഘര്‍ഷങ്ങളിലാണ് കലാശിക്കുന്നത്. മേയര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്.