ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ ഷെല്ലി ഒബ്‌റോയിയെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയറായി തിരഞ്ഞെടുത്തു. ആലി മുഹമ്മദ് ഇഖ്ബാല്‍ ഡെപ്യൂട്ടി മേയറാവും. ബിജെപിയുടെ രേഖാ ഗുപ്തയെ ആണ് ഷെല്ലി പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ഥിക്ക് 116 വോട്ട് ലഭിച്ചപ്പോള്‍ ഷെല്ലിക്ക് 150 വോട്ടാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ 250 വാര്‍ഡ് കൗണ്‍സിലര്‍മാരും ഏഴ് ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും 14 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തി.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. എഎപി- ബിജെപി തര്‍ക്കത്തെത്തുടര്‍ന്ന് മൂന്ന് തവണ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. മൂന്നാം തവണയും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് സുപ്രിംകോടതി പ്രതികരണവും തേടിയിരുന്നു. തുടര്‍ന്നായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായത്. തിരഞ്ഞെടുക്കപ്പെട്ട 250 കൗണ്‍സിലര്‍മാരും ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് ലോക്‌സഭാ, മൂന്ന് രാജ്യസഭാ എംപിമാരും 14 എംഎല്‍എമാരും ഉള്‍പ്പെടുന്നതാണ് മേയര്‍ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളജ്. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്ത 13 എഎപി എംഎല്‍എമാര്‍ക്കും ഒരു ബിജെപി അംഗത്തിനും വോട്ടുണ്ട്.
ഡിസംബര്‍ ഏഴിന് നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ആം ആദ്മി പാര്‍ട്ടി നല്‍കിയത്. തിരഞ്ഞെടുപ്പ് നടന്ന ആകെയുളള 250 സീറ്റുകളില്‍ 134ലും എഎപി വിജയിച്ചപ്പോള്‍, ബിജെപിയ്ക്ക് 104 സീറ്റുകളിലെ വിജയിക്കാന്‍ സാധിച്ചിരുന്നുളളൂ. ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയ് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതല്‍ എഎപിയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്ലിയുടെ ആദ്യതിരഞ്ഞെടുപ്പ് വിജയമായിരുന്നു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖാ ഗുപ്തയ്‌ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡല്‍ഹിയുടെ ആദ്യ വനിതാ മേയറായി ഷെല്ലി ഒബ്‌റോയ് തിരഞ്ഞെടുക്കപ്പെട്ടത്.