എകെജി സെന്റര്‍ ആക്രമണം; കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍
അന്തിയൂര്‍ക്കോണം സ്വദേശിയെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. കാട്ടായിക്കോണത്തെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
തിരുവനന്തപുരം: എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കല്ലെറിയുമെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടയാളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. അന്തിയൂര്‍ക്കോണം സ്വദേശിയെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. കാട്ടായിക്കോണത്തെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
അതിനിടെ, ആക്രണക്കേസിലെ പ്രതിയെ കുറിച്ച് ഇതുവരെ ഒരു തുമ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ ഇതേവരെ പോലിസിന് കഴിഞ്ഞിട്ടില്ല. എകെജി സെന്റിലേക്ക് സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജങ്ഷന്‍ കഴിഞ്ഞ മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പര്‍ കൃത്യമായി ലഭിച്ചില്ലെന്ന് പോലിസ് പറയുന്നു.
സ്‌ഫോടക വസ്തു ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നല്‍ വേഗത്തില്‍ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകത്ത് പൊലീസിന് നാണക്കേടാവുകയാണ്. അതേസമയം, എകെജി സെന്റില്‍ സുരക്ഷ വീഴ്ചയുണ്ടാതിനെ കുറിച്ചും സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിക്കുന്നുണ്ട്.