എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

Update: 2022-09-22 06:02 GMT

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിലായി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ നല്‍കുന്ന വിവരം.

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാളുണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈ 30ന് അര്‍ധരാത്രിയിലാണ് എകെജി സെന്ററിന് നേരേ സ്‌ഫോടകവസ്തു എറിഞ്ഞത്. ആക്രമണത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണപ്രതിപക്ഷ കക്ഷികള്‍ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍, ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എകെജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വന്‍ വിവാദമായി കത്തിപ്പടര്‍ന്നു.

നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡല്‍ ഡിയോ സ്‌കൂട്ടര്‍ ഉടമകളെ മുഴുവന്‍ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. ഒടുവില്‍ എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ പോലിസ് വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതില്‍ പോലിസിനു നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

Tags:    

Similar News