മദ്യപിച്ച് ബഹളമുണ്ടാക്കി; തൃശൂരില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടി യുവാവ്
ഇന്ന് രാവിലെ പശുവിനെ കെട്ടാനായി ഈ പറമ്പിലെത്തിയ നാട്ടുകാരന്‍ മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടര്‍ന്ന് ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി.
തൃശൂര്‍: തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടി യുവാവ്. മുത്തുള്ളി സ്വദേശിയായ കെ ജെ ബാബുവാണ് മരിച്ചത്. സംഭവത്തില്‍ സഹോദരനായ കെ ജെ സാബുവിനെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം.
മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നാണ് സഹോദരനെ കൊല്ലാന്‍ കാരണമെന്ന് സാബു പോലിസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തുള്ള ഒരു പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
ഇന്ന് രാവിലെ പശുവിനെ കെട്ടാനായി ഈ പറമ്പിലെത്തിയ നാട്ടുകാരന്‍ മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടര്‍ന്ന് ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തിന്റെ കൈ കണ്ടു. കയ്യില്‍ ബാബു എന്ന് പച്ച കുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് പോലിസിനെ അറിയിച്ചു.
ജില്ലാ റൂറല്‍ പോലിസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തില്‍ പോലിസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് അന്വേഷണത്തില്‍ സാബുവാണ് ബാബുവിനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.