മഞ്ഞുരുകുമോ? അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഹമാസും ഫത്ഹുംഅള്‍ജീരിയയില്‍

ആഭ്യന്തര ശൈഥല്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫത്ഹിന്റെയും ഹമാസിന്റെയും നേതൃത്വത്തില്‍ ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള ചര്‍ച്ച നടക്കുന്നത്.

Update: 2022-10-11 12:09 GMT

അള്‍ജിയേഴ്‌സ്: ഫലസ്തീനിലെ ആഭ്യന്തര തര്‍ക്കത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അള്‍ജീരിയന്‍ മധ്യസ്ഥതയില്‍ നടക്കുന്ന അനുരഞ്ജന യോഗത്തിന് തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ തുടക്കമായി. ആഭ്യന്തര ശൈഥല്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫത്ഹിന്റെയും ഹമാസിന്റെയും നേതൃത്വത്തില്‍ ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള ചര്‍ച്ച നടക്കുന്നത്.

'ഈ മാസം 11, 12 തീയതികളില്‍' ഡയലോഗ് മീറ്റിംഗുകള്‍ നടക്കുമെന്ന് അള്‍ജീരിയയിലെ ഫലസ്തീന്‍ അംബാസഡര്‍ ഫയീസ് അബു ഐത വോയ്‌സ് ഓഫ് ഫലസ്തീന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫതഹ്, ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവയുടെ നേതൃത്വത്തിലുള്ള പിഎല്‍ഒയുടെ പ്രതിനിധികള്‍ അള്‍ജീരിയയില്‍ യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം ആദ്യം അള്‍ജീരിയയില്‍ നടക്കാനിരിക്കുന്ന അറബ് ഉച്ചകോടിക്ക് മുന്നോടിയായാണ് വിവിധ വിഭാഗങ്ങളുടെ യോഗം നടക്കുന്നത്.

അള്‍ജീരിയിന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൂനിന്റെ ക്ഷണം സ്വീകരിച്ച് ഫലസ്തീന്‍ പ്രതിനിധികള്‍ തിങ്കളാഴ്ച അള്‍ജീരിയയിലെത്തിയിരുന്നു. ആഭ്യന്തര ഭിന്നത അവസാനിപ്പിക്കുന്നതിനും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമായി രണ്ട് ദിവസത്തെ ചര്‍ച്ചക്കാണ് പ്രതിനിധികള്‍ രാജ്യത്തെത്തിയിരിക്കുന്നത് അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ഐക്യം യാഥാര്‍ഥ്യമാക്കുന്നതിന് ഫലസ്തീന്‍ ദേശീയ, ഇസ്‌ലാമിക് കക്ഷികള്‍ യോജിക്കുന്ന സഹകരണസമഗ്ര കാഴ്ചപ്പാടിലെത്താന്‍ അള്‍ജീരിയ നടത്തിയ ഒരു മാസത്തെ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു ചര്‍ച്ചയെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫലസ്തീന്‍ ദേശീയ അനരഞ്ജനം യാഥാര്‍ഥ്യമാക്കാന്‍ അള്‍ജീരിയ ശ്രമങ്ങള്‍ പുനരാരംഭിച്ചതിനെ ഫതഹ് കേന്ദ്ര കമ്മിറ്റി അംഗം അസ്സാം അഹ്മദ് സ്വാഗതം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ മജീദിന്റെ ക്ഷണപ്രകാരം ദേശീയ അനുരഞ്ജന ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തിലുള്ള സംഘം അള്‍ജീരിയയിലെത്തിയതായി ഹമാസ് തിങ്കളാഴ്ച വൈകീട്ട് അറിയിച്ചിരുന്നു.

Similar News