ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണല്‍. നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന തീയതി ജനുവരി 17. സൂക്ഷ്മപരിശോധന 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 20. ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറസംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുക. 2020ല്‍ 70ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബിജെപിയ്ക്ക് എട്ടുസീറ്റുകള്‍ ലഭിച്ചു.
ഇവിഎം അട്ടിമറി ആരോപണങ്ങള്‍ കമ്മിഷനെ വേദനിപ്പിച്ചെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ വോട്ടെണ്ണലിന്റെ വേഗം കുറച്ചു. ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്ഥാനരഹിത പ്രചാരണം നടത്താനുള്ള അവകാശമല്ല. എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളും സുതാര്യമാണ്. വോട്ടര്‍മാര്‍ നല്ല ധാരണയുള്ളവരാണ്. വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടെ അട്ടിമറി സാധ്യമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. ബാലറ്റ് പേപ്പറിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.