ഗസയില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; നാലു പേര്‍ക്ക് പരിക്ക്, സ്‌കൂളുകള്‍ പൂട്ടി ജൂതകുടിയേറ്റക്കാര്‍

Update: 2025-01-07 09:45 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന രണ്ട് ഇസ്രായേലി സൈനികര്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മേജര്‍ ഡിവിര്‍ സയോണ്‍ രേവ, കാപ്റ്റന്‍ ഐത്താന്‍ ഇസ്രായേല്‍ ഷിക്കനാസി എന്നിവരാണ് വടക്കന്‍ ഗസയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇരുവരും നഹാല്‍ ബ്രിഗേഡിന്റെ 932ാം ബറ്റാലിയനിലെ അംഗങ്ങളായിരുന്നു.

ഇസ്രായേലിന്റെ രണ്ട് മെര്‍ക്കാവ ടാങ്കുകളെ ഗസയില്‍ തകര്‍ത്തതായി അല്‍ ഖസ്സം ബ്രിഗേഡ് പ്രസ്താവനയില്‍ അറിയിച്ചു. ജബലിയ കാംപിന് സമീപത്തെ സിഫ്താവി ജങ്ഷനിലായിരുന്നു ആക്രമണം. ദെറോത്ത് ജൂത കുടിയേറ്റ ഗ്രാമത്തിലെ ഇസ്രായേലി സൈനിക വാഹനത്തെ ആക്രമിച്ചതായി അല്‍ ഖുദ്‌സ് ബ്രിഗേഡും അറിയിച്ചു. ദെറോത്ത് പ്രദേശത്തെ ആക്രമണത്തില്‍ ജൂതന്‍മാര്‍ പ്രതിഷേധിച്ചു. പ്രദേശത്തെ ജൂതസ്‌കൂളുകളെല്ലാം ഇതോടെ അടച്ചുപൂട്ടി.

അതേസമയം, ലോക ഭക്ഷ്യപദ്ധതിയുടെ വാഹനങ്ങള്‍ക്ക് നേരെ വെടിവയ്ക്കരുതെന്ന് ഇസ്രായേലി സൈനികര്‍ക്ക് യുദ്ധമന്ത്രാലയം നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം 16 തവണയാണ് ഇസ്രായേലി സൈന്യം ഭക്ഷ്യപദ്ധതിയുടെ ഭാഗമായ ട്രക്കുകളെ വെടിവച്ചത്.

Tags:    

Similar News