സിറിയയിലെ എല്ലാ സായുധ സംഘങ്ങളെയും നിരായുധീകരിക്കും: അബൂ മുഹമ്മദ് അല്‍ ജൂലാനി

സിറിയയുടെ മണ്ണില്‍ നിന്ന് ഇനി ആരും ഇസ്രായേലിനെ ആക്രമിക്കില്ലെന്നും അല്‍ ജൂലാനി പറഞ്ഞു

Update: 2024-12-17 14:29 GMT

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ സായുധ സംഘങ്ങളെ നിരായുധീകരിക്കുമെന്ന് ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി. രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈന്യത്തില്‍ അവരെയെല്ലാം ഉള്‍പ്പെടുത്തും. ഇനി മുതല്‍ പ്രതിപക്ഷ കാലത്തെ കാഴ്ച്ചപാടുകളില്‍ നിന്ന് മാറി ഭരണകൂട കാഴ്ച്ചപാടാണ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ കൈയ്യില്‍ ആയുധം ആവശ്യമില്ലെന്നും ഔദ്യോഗിക സൈന്യവും പോലിസും മാത്രം ആയുധങ്ങള്‍ കൈകാര്യം ചെയ്താല്‍ മതിയുമെന്നാണ് പുതിയ നിലപാട്.

സിറിയയുടെ മണ്ണില്‍ നിന്ന് ഇനി ആരും ഇസ്രായേലിനെ ആക്രമിക്കില്ലെന്നും അല്‍ ജൂലാനി പറഞ്ഞു. അതിനാല്‍, ഗോലാന്‍ കുന്നുകളില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ കൈമാറണമെന്നും വ്യോമാക്രമണം അവസാനിപ്പിക്കണമെന്നും അല്‍ ജൂലാനി ഇസ്രായേലിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ഇടക്കാല സര്‍ക്കാരിന്റെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സിറിയയില്‍ നിന്ന് വിട്ട് ഇസ്രായേലില്‍ ചേരണമെന്ന നിലപാട് പ്രഖ്യാപിച്ച ഡ്രൂസ് വിഭാഗത്തിന്റെ പ്രതിനിധികളെ കഴിഞ്ഞ ദിവസം അല്‍ ജൂലാനി നേരില്‍ കണ്ടു. സിറിയന്‍ സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഒരു സാമൂഹിക കരാര്‍ ഉണ്ടാക്കുമെന്ന് ഡ്രൂസ് വിഭാഗത്തിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. അലവി ശിയാ വിഭാഗങ്ങളുമായും പ്രത്യേകം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അതേസമയം, പുതിയ ഭരണകൂടത്തിന് ആഗോളതലത്തില്‍ തന്നെ പിന്തുണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇടക്കാല സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പ്രതിനിധികളുമായി ഇടക്കാല സര്‍ക്കാര്‍ പ്രതിനിധികള്‍ മാരത്തണ്‍ ചര്‍ച്ചയിലാണ്.

സിറിയക്കായുള്ള പ്രത്യേക ഐക്യരാഷ്ട്രസഭാ പ്രതിനിധി ഗെയിര്‍ ഒ പെഡേഴ്‌സണുമായി ഞായറാഴ്ച അല്‍ ജൂലാനി കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടന്നതെന്ന് എച്ച്ടിഎസ് ടെലഗ്രാമില്‍ അറിയിച്ചു. സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ ഫലപ്രദമായ സഹായം വേണമെന്നാണ് ഇടക്കാല സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. രാജ്യത്ത് സമാധാനപരമായ അധികാര കൈമാറ്റമുണ്ടായാല്‍ വേണ്ട സഹായം നല്‍കാമെന്ന് പെഡേഴ്‌സണ്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്റെ ഒരു നയതന്ത്ര പ്രതിനിധിയെ ദമസ്‌കസിലേക്ക് അയച്ചതായി യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി കജ കല്ലാസ് അറിയിച്ചു. സിറിയക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ ഏറ്റവുമധികം നല്‍കുന്നത് യൂറോപ്യന്‍ യൂണിയനാണ്. എത്രയും വേഗം നയതത്രപ്രതിനിധികളെ ദമസ്‌കസിലേക്ക് അയക്കുമെന്ന് ഫ്രാന്‍സും പ്രഖ്യാപിച്ചു. വിമതരുമായി മുമ്പേ ബന്ധമുള്ള തുര്‍ക്കിയുടെയും ഖത്തറിന്റെയും പ്രതിനിധികളും ദമസ്‌കസില്‍ വന്ന് പുതിയ ഭരണാധികാരികളെ കണ്ടുമടങ്ങി. ഇതിന് ശേഷമാണ് തുര്‍ക്കി ദമസ്‌കസിലെ എംബസി വീണ്ടും തുറന്നത്. ഖത്തര്‍ ഉടന്‍ എംബസി തുറക്കും.


കജ കല്ലാസ്

ബശ്ശാറുല്‍ അസദിനോട് വിയോജിപ്പുള്ളപ്പോഴും ബന്ധം മെച്ചപ്പെടുത്തണമെന്ന് ഇടക്കാലത്ത് അറബ് രാജ്യങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളും ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സൗദിയില്‍ അടുത്തിടെ നടന്ന അറബ് രാജ്യങ്ങളുടെ യോഗത്തിലേക്ക് വിളിച്ചിരുന്നത്. എത്ര ഉപരോധിച്ചാലും അസദ് സിറിയയില്‍ ഭരണം തുടരുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. എന്നാല്‍, അസദ് പുറത്തായതോടെ, ഇത്രയും കാലം ഭീകരവാദികളെന്നു വിളിച്ചവരുമായി സംസാരിക്കേണ്ട അവസ്ഥ രൂപപ്പെട്ടു.

അലവി ശിയാ വിഭാഗങ്ങള്‍ക്കും ഡ്രൂസ് വിഭാഗങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കുര്‍ദുകള്‍ക്കും പങ്കാളിത്തമുള്ള സര്‍ക്കാര്‍ വേണമെന്നാണ് യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലപാട്. ഇക്കാര്യങ്ങളില്‍ ഉറപ്പുനല്‍കിയാല്‍ സാമ്പത്തികസഹായവും മനുഷ്യത്വപരമായ സഹായവും നല്‍കാമെന്നും ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും യുഎസും യുറോപ്പും പറയുന്നു. കൂടാതെ എച്ച്ടിഎസ് അടക്കമുള്ള സംഘടനകളെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്നും വാഗ്ദാനമുണ്ട്. ഇത് ലോകമെമ്പാടും സഞ്ചരിക്കാനും നയതന്ത്രബന്ധം സ്ഥാപിക്കാനും ഇടക്കാല സര്‍ക്കാരിനെ സഹായിക്കും.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പാവും വരെ ഭീകരവാദ പട്ടികയില്‍ നിന്നും എച്ച്ടിഎസിനെ നീക്കം ചെയ്യില്ലെന്നാണ് കജ കല്ലാസ് പറയുന്നത്. വിമതര്‍ അധികാരം പിടിച്ചയുടന്‍ അവരുമായി ആദ്യമായി സംസാരിച്ച യൂറോപ്യന്‍ പ്രതിനിധി ഇറ്റലിയുടെ അംബാസഡറാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അറബ് രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി ഇടക്കാല ഭരണകൂടം നടത്തിയ ചര്‍ച്ചയിലാണ് ഇറ്റലിയുടെ അംബാസഡറും പങ്കെടുത്തത്.

ബശാറുല്‍ അസദിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന റഷ്യയുടെ എംബസിയും നിലവില്‍ ദമസ്‌കസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരും പുതിയ സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. അതിനിടെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട സംഘടനകളുമായി സര്‍ക്കാരിന് ബന്ധം സ്ഥാപിക്കാവുന്ന ഒരു നിയമം ചൊവ്വാഴ്ച റഷ്യ പാസാക്കി. അഫ്ഗാനിസ്താനിലെ താലിബാനുമായി ഔദ്യോഗികമായി ബന്ധം സ്ഥാപിക്കാനാണ് ഇതെങ്കിലും നിയമം എച്ച്ടിഎസിന്റെ കാര്യത്തിലും ബാധകമാണ്. എന്നാല്‍, റഷ്യ പൂര്‍ണമായും സിറിയയില്‍ നിന്ന് പുറത്തുപോയാല്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പിന്‍വലിക്കാവൂ എന്നാണ് ഡച്ച് വിദേശകാര്യ മന്ത്രി കാസ്പര്‍ വെല്‍ദ്കാംപ് പറഞ്ഞത്.

ഇടക്കാല സര്‍ക്കാരിന്റെ സ്വഭാവം

സിറിയയിലെ പുതിയ സര്‍ക്കാരിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് പ്രവചിക്കണമെങ്കില്‍ ഇദ്‌ലിബില്‍ അവര്‍ നടത്തിയിരുന്ന ഭരണത്തിന്റെ സ്വഭാവം പരിശോധിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയനും യുഎസും പറയുന്നത്. 2017 മുതല്‍ ഇദ്‌ലിബിന്റെ നിയന്ത്രണം പിടിച്ച വിമതര്‍ 2019 മുതല്‍ ഒലീവ് കര്‍ഷകരില്‍ നിന്ന് പ്രത്യേക നികുതി പിരിച്ചിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇത് ഇടക്കിടെ കര്‍ഷകരുമായി സംഘര്‍ഷത്തിനും കാരണമായി. സംഘര്‍ഷം പലപ്പോഴും സായുധ ഏറ്റുമുട്ടലുകളിലുമെത്തി. തുര്‍ക്കിയുടെ അതിര്‍ത്തി കടന്നുവരുന്ന ചരക്കുകള്‍ക്ക് വിമതര്‍ നികുതിയും പിരിച്ചിരുന്നു. ഏകദേശം 127 കോടി രൂപയാണ് ഒരുമാസം ഈ ഇനത്തില്‍ പിരിച്ചിരുന്നത്. കൂടാതെ പെട്രോളിയം കുഴിച്ചെടുത്ത് വില്‍ക്കുകയും ചെയ്യുമായിരുന്നു. ഇദ്‌ലിബില്‍ എച്ച്ടിഎസ് ഒരു ടെലികോം കമ്പനിയും നടത്തിയിരുന്നു.



ഇദ്‌ലിബിലെ ഒലീവ് തോട്ടം

മദ്യം നിര്‍മിക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും ഇദ്‌ലിബില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, പൊതുസ്ഥലത്ത് പുകവലിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. ഇടക്കാലത്ത് മതപോലിസിനെ വിന്യസിച്ചെങ്കിലും യുവജനങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിച്ചു. ഇദ്‌ലിബില്‍ നിന്നുള്ള പോലിസ് സേനയാണ് നിലവില്‍ ദമസ്‌കസ് അടക്കമുള്ള പ്രദേശങ്ങളില്‍ ക്രമസമാധാനപാലനം നടത്തുന്നത്.

സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായ മുഹമ്മദ് അല്‍ ബശീര്‍ മികച്ച ഭരണാധികാരിയാവാന്‍ സാധ്യതയുണ്ടെന്നാണ് ''ബേണിങ് കണ്‍ട്രി'' എന്ന പുസ്തകം എഴുതിയ റോബിന്‍ യാസീന്‍ കസ്സബ് പറയുന്നത്. എഞ്ചിനീയറിങ് ബിരുദമുള്ള ബശീര്‍ ഇദ്‌ലിബിലെ സര്‍ക്കാരില്‍ വികസനകാര്യങ്ങളുടെ ചുമതലയാണ് ആദ്യകാലത്ത് വഹിച്ചിരുന്നത്. പിന്നീട് പ്രധാനമന്ത്രിയായി. വിമതര്‍ ദമസ്‌കസ് പിടിച്ചതോടെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു.

ഇദ്‌ലിബിലെ വിമോചന സര്‍ക്കാരിലെ മന്ത്രിമാരെ സിറിയയുടെ മന്ത്രിമാരായി നിയമിക്കാന്‍ തീരുമാനിച്ചതായും റിപോര്‍ട്ടുണ്ട്. ആഭ്യന്തര മന്ത്രിയായി മുഹമ്മദ് അബ്ദുല്‍റഹ്മാന്‍, സാമ്പത്തിക കാര്യമന്ത്രിയായി ബാസില്‍ അബ്ദുല്‍ അസീസ്, നീതിന്യായ മന്ത്രിയായി ഷാദി മുഹമ്മദ് അല്‍ വൈസി, പബ്ലിക് റിലേഷന്‍ മന്ത്രിയായി മുഹമ്മദ് യഅ്കൂബ് അല്‍ ഉമര്‍, കൃഷിമന്ത്രിയായി മുഹമ്മദ് താഹ അല്‍ അഹമദ്, ആരോഗ്യകാര്യ മന്ത്രിയായി മാസെന്‍ ദുഖാന്‍, വികസന കാര്യമന്ത്രിയായി ഫാദി അല്‍ ഖ്വാസിം, തദ്ദേശഭരണ മന്ത്രിയായി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിം, എന്‍ഡോവ്‌മെന്റ് മന്ത്രിയായി ഹുസം ഹാജ് ഹുസൈന്‍, വിദ്യഭ്യാസ മന്ത്രിയായി നാസിര്‍ അല്‍ ഖ്വാദിരി, ഉന്നത വിദ്യഭ്യാസ മന്ത്രിയായി അബ്ദുല്‍ മൗനിം അബ്ദുല്‍ ഹാഫിസ് എന്നിവരെ നിയമിക്കാനാണ് സാധ്യത.

മാര്‍ച്ച് വരെയാണ് ഇടക്കാല സര്‍ക്കാരിന്റെ കാലാവധി. എന്നാല്‍, ഇത് നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. പതിനെട്ടുമാസം വരെ ഇടക്കാല സര്‍ക്കാരിന് തുടരാമെന്നാണ് 2015ല്‍ സിറിയയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി തയ്യാറാക്കിയ 2254ാം നമ്പര്‍ പ്രമേയം പറയുന്നത്. ഇക്കാലയളവിനുള്ളില്‍ പുതിയ ഭരണഘടന തയ്യാറാക്കുകയും ഐക്യരാഷ്ട്രസഭാ മേല്‍നോട്ടത്തില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തുകയും വേണം. ഈ പ്രമേയം പുതുക്കണമെന്ന നിലപാടണ് അല്‍ ജൂലാനിക്കുള്ളത്.

Similar News