ചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം കാലിടറി വീണ് സംസ്ഥാനത്തെ ഏറ്റവും പ്രബല രാഷ്ട്രീയ കുടുംബമായ ബാദല്‍ കുടുംബവും. ബാദല്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ എല്ലാ വന്‍മരങ്ങളെയും എഎപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബാദല്‍ കുടുംബാംഗളില്‍ ഒരാള്‍ക്കുപോലും നിയമസഭ കാണാന്‍ കഴിഞ്ഞില്ല. മൂന്ന് പതിറ്റാണ്ടായി ബാദല്‍ കുടുംബാംഗങ്ങള്‍ക്ക് നിയമസഭയില്‍ കടന്നുകൂടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം.
1992ലെ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ (എസ്എഡി) സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെയാണ് ബാദലുകള്‍ നിയമസഭയില്‍ നിന്ന് പുറത്താവുന്നത്. വംശീയ രാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കുകയും ശിരോമണി അകാലിദളിനെ (എസ്എഡി) കുടുംബം നടത്തുന്ന സംഘടനയായി തരംതാഴ്ത്തുകയും ചെയ്തുവെന്നാരോപിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. ശിരോമണി അകാലിദളിന്റെ സ്ഥാപകനും പഞ്ചാബ് മുഖ്യമന്ത്രിയും 1997 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ചുവരികയും ചെയ്ത പ്രകാശ് സിങ് ബാദല്‍, ലാംബി സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഗുര്‍മീത് സിങ് ഖുദിയാനോടാണ് പരാജയപ്പെട്ടത്. 11,357 വോട്ടുകള്‍ക്കാണ് ബാദല്‍ വീണത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, കോണ്‍ഗ്രസ് വിമതനായ ആം ആദ്മി പാര്‍ട്ടിയുടെ ഖുദിയാന് 65,717 വോട്ടും ബാദലിന് 54,360 വോട്ടും ലഭിച്ചു. പ്രകാശ് സിങ് ബാദലിന്റെ മകന്‍ സുഖ്ബീര്‍ സിങ് ബാദലും പരാജയം രുചിച്ചു. എഎപി സ്ഥാനാര്‍ഥി ജഗ്ദീപ് കംബോജിനോട് ജലാലാബാദില്‍ 23,310 വോട്ടുകള്‍ക്കാണ് സുഖ്ബീര്‍ പരാജയപ്പെട്ടത്. സുഖ്ബീര്‍ ബാദലിന്റെ ബന്ധുവും അഞ്ച് തവണ എംഎല്‍എയും രണ്ട് തവണ പഞ്ചാബ് ധനമന്ത്രിയുമായിരുന്ന മന്‍പ്രീത് സിങ് ബാദലും തോറ്റു. ബതിന്‍ഡ അര്‍ബന്‍ സീറ്റില്‍ എഎപിയുടെ ജഗ്‌രൂപ് സിങ് ഗില്ലിനോടാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് മന്‍പ്രീത് സിങ് മല്‍സരിച്ചത്. അദ്ദേഹം ആദ്യമായി 1995ല്‍ ഗിദ്ദര്‍ബാഹയില്‍നിന്ന് എസ്എഡി ടിക്കറ്റില്‍ വിജയിക്കുകയും 1997, 2002, 2007 വര്‍ഷങ്ങളില്‍ സീറ്റ് നിലനിര്‍ത്തുകയും ചെയ്തു.
2010ല്‍ പാര്‍ട്ടി വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബ് എന്ന സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിച്ചു. 2016ല്‍ ഗിദ്ദെര്‍ഭ, മൗര്‍ എന്നീ രണ്ട് സീറ്റുകളില്‍ നിന്നും തോറ്റ മന്‍പ്രീത് ബാദല്‍ തന്റെ സംഘടനയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. തുടര്‍ന്ന് 2017ലെ തിരഞ്ഞെടുപ്പില്‍ ബതിന്ദയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെയും വിനയത്തോടെയും പഞ്ചാബികള്‍ നല്‍കിയ ജനവിധി സ്വീകരിക്കുന്നു. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷക്കണക്കിന് പഞ്ചാബികളോടും അവരുടെ നിസ്വാര്‍ഥ അധ്വാനത്തിന് എഡിബിഎസ്പി പ്രവര്‍ത്തകരോടും ഞാന്‍ നന്ദിയുള്ളവനാണ്.
ഞങ്ങള്‍ അവരെ വിനയത്തോടെ സേവിക്കുന്നത് തുടരും. അവര്‍ ഞങ്ങളെ ഏല്‍പ്പിച്ച ദൗത്യം- സുഖ്ബീര്‍ ബാദല്‍ ട്വീറ്റ് ചെയ്തു. ബാദല്‍ കുടുംബത്തിലെ ബന്ധുക്കളും എഎപി സ്ഥാനാര്‍ഥികളോട് പരാജയപ്പെട്ടു. സുഖ്ബീര്‍ ബാദലിന്റെ ഭാര്യാസഹോദരന്‍ ബിക്രം സിങ് മജീതിയ, അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ എഎപിയുടെ ജീവന്‍ ജ്യോത് കൗറിനോടാണ് പരാജയപ്പെട്ടത്. 39,520 വോട്ടുകള്‍ക്കാണ് രണ്ട് മുതിര്‍ന്ന നേതാക്കളെയും കൗര്‍ പരാജയപ്പെടുത്തിയത്.
അതേസമയം, ബിക്രം സിങ് മജീതിയയുടെ ഭാര്യ ഗനിവ് കൗര്‍ തന്റെ ഭര്‍ത്താവിന്റെ തട്ടകമായ മജിത നിയമസഭാ സീറ്റില്‍ നിന്ന് വിജയിച്ചു. പ്രകാശ് സിങ് ബാദലിന്റെ മരുമകന്‍ അദായിഷ് പ്രതാപ് സിങ് കെയ്‌റോണും തോല്‍വി ഏറ്റുവാങ്ങി. തരണ്‍ തരണ്‍ ജില്ലയിലെ പാട്ടി മണ്ഡലത്തില്‍ എഎപിയുടെ ലാല്‍ജിത് സിങ് ഭുള്ളറിനോടായിരുന്നു തോല്‍വി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പര്‍താപ് സിങ് കെയ്‌റോണിന്റെ ചെറുമകനാണ് പ്രതാപ് സിങ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 117 സീറ്റുകളില്‍ 92 എണ്ണവും എഎപിയാണ് നേടിയത്.