സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസെടുക്കാന്‍ വൈകുന്നു; യുപി സര്‍ക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി

Update: 2022-08-20 05:26 GMT

ലഖ്‌നോ: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലിസ് കേസെടുക്കാന്‍ വൈകുന്നതിനെതിരേ അലഹബാദ് ഹൈക്കോടതി രംഗത്ത്. പൊതുതാല്‍പ്പര്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചിലപ്പോള്‍ ആറ് മാസത്തിലധികം സമയമെടുക്കുന്നുണ്ടെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞു. എന്തുകൊണ്ടാണ് സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതെന്ന് കോടതി ചോദിച്ചു.

പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേരക്കുട്ടികളുടെ മുത്തശ്ശി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ജസ്റ്റിസ് ജെ ജെ മുനീര്‍ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. മാര്‍ച്ച് 14 ന്, മകളോടൊപ്പം താമസിക്കുന്ന മുകേഷ് പ്രായപൂര്‍ത്തിയാവാത്ത കൊച്ചുമക്കളെ ബലാല്‍സംഗം ചെയ്തതായി മുത്തശ്ശി ഹരജിയില്‍ പറയുന്നു. ഗാസിയാബാദ് പോലിസ് സ്‌റ്റേഷനില്‍ മുത്തശ്ശി എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോലിസ് തയ്യാറായില്ല.

ഇതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ചീഫ് ജസ്റ്റിസും ഇടപെട്ട് ഏപ്രില്‍ ആറിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളായ മുകേഷ്, രാജ്കുമാരി എന്നിവര്‍ക്കെതിരേ ഐപിസി 376, 506 പ്രകാരം ഗാസിയാബാദിലെ തില മോറില്‍ പോലിസാണ് കേസെടുത്തത്. എന്നാല്‍, ഇരകള്‍ പ്രായപൂര്‍ത്തിയാവാത്തവരായിരുന്നിട്ടും പോക്‌സോ നിയമം ചുമത്തിയില്ല. ഇതിന് പിന്നാലെയാണ് പൊതുതാല്‍പ്പര്യ ഹരജിയിലൂടെ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുത്തശ്ശി കോടതിയെ സമീപിച്ചത്.

Tags:    

Similar News