ലഖ്‌നോ: അനധികൃത നിര്‍മാണം ആരോപിച്ച് നദീതീരത്തെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിച്ച് യുപിയിലെ അക്ബര്‍ നഗര്‍ നിവാസികള്‍. ഏഴു മണിക്കൂറിലേറെ നീണ്ട ചെറുത്തുനില്‍പ്പിനൊടുവില്‍ നിയമപരമായും സ്റ്റേ ലഭിച്ചതോടെ പ്രദേശവാസികള്‍ തെരുവിലിറങ്ങി ആഘോഷിച്ചു. പ്രദേശവാസികള്‍ക്ക് പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാന്‍ നാലാഴ്ചത്തെ സമയം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ലാന്റ് ഡവലപ്‌മെന്റ് അതോറിറ്റിയോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനിടെ, ബുള്‍ഡോസര്‍ രാജിനെതിരേ പ്രതിഷേധിച്ച ബിജെപി നേതാവിനും പോലിസ് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റു.
ലഖ്‌നോയ്ക്കു സമീപത്തെ കുക്രയില്‍ നദീതീരത്തുള്ള അക്ബര്‍ നഗര്‍ നിവാസികളെയാണ് കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ നീക്കം നടത്തിയത്. 1400ലേറെ വീടുകളും സ്ഥാപനങ്ങളും പൊളിച്ചുനീക്കാനായിരുന്നു പദ്ധതി. അനധികൃത നിര്‍മാണം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന കാരണം പറഞ്ഞ് വ്യാഴാഴ്ച രാവിലെ എട്ടോടെ എല്‍ഡിഎ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഒരുകൂട്ടം ബുള്‍ഡോസറുകളുമായാണ് സ്ഥലത്തിയത്. നിശാന്ത്ഗഞ്ചില്‍ നിന്ന് ലേഖ്‌രാജിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചായിരുന്നു നടപടി. 10 ബുള്‍ഡോസറുകള്‍, നാല് ചെറു മണ്ണുമാന്തി യന്ത്രങ്ങള്‍, ലോഡിങ് വാഹനങ്ങള്‍ എന്നിവയാണുണ്ടായിരുന്നത്. ജില്ലാ ഭരണകൂടവും പോലിസ് സംഘവും അക്ബര്‍നഗറിലെത്തി അറിയിപ്പ് നല്‍കി ആളുകളോട് വീടുകളും കടകളും ഒഴിയാന്‍ നിര്‍ദേശം നല്‍കി. ചില വീടുകളിലും കടകളിലും അടയാളങ്ങള്‍ പതിച്ചു. അയോധ്യ റോഡിലെ കടകള്‍ക്ക് മുന്നിലെ തകര ഷെഡുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി. ഇതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. പോലിസുകാര്‍ വാക്കേറ്റമുണ്ടാവുകയും ബലപ്രയോഗം നടക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ രൂക്ഷമാവുമെന്നു മനസ്സിലാക്കി ജില്ലാ ഭരണകൂടവും എല്‍ഡിഎയും പോലിസ് സംഘവും വീണ്ടും പ്രദേശത്തെത്തി സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനിടെ, വീടുകള്‍ സംരക്ഷിക്കാന്‍ വേണ്ടി അക്ബര്‍നഗറിലെ ശിവക്ഷേത്രത്തില്‍ ഹിന്ദുക്കളും മസ്ജിദില്‍ മുസ് ലിംകളും പ്രാര്‍ഥനയും നടത്തുന്നുണ്ടായിരുന്നു. ചില വ്യാപാരികള്‍ സ്‌റ്റേ ചൂണ്ടിക്കാട്ടി നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഉത്തരവിന്റെ കോപ്പി വേണമെന്നായിരുന്നു മറുപടി. വീടുകളുടെ വൈദ്യുതി, ജല കണക്ഷനുകള്‍ വിച്ഛേദിക്കുകയും അയോധ്യാ റോഡിലെ താജ് ഫര്‍ണിച്ചര്‍, സാമ്രാട്ട് തുടങ്ങി ഇരുപതോളം ഷോറൂമുകളുടെ ഭാഗം പൊളിച്ചുനീക്കുകയും ചെയ്തു. കോളനിയില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറും സംഘം നീക്കം ചെയ്തതായി പ്രദേശവാസി വസീം ഖാന്‍ പറഞ്ഞു. തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘം വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റി. വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചതിനാല്‍ സര്‍ക്കാര്‍ കൈപമ്പില്‍ നിന്ന് വെള്ളമെടുക്കേണ്ടി വന്നതായി നസീമ ബാനു പറഞ്ഞു. ഇതിനിടെ പലരും സാധനങ്ങളുമായി അക്ബര്‍നഗര്‍ വിട്ടു. ഏതാനും പേര്‍ നടപടിയെ എതിര്‍ക്കുന്നതില്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസ് കൗണ്‍സിലറും വനിതാ സെല്‍ സംസ്ഥാന പ്രസിഡന്റുമായ മംമ്ത ചൗധരി, കൗണ്‍സിലര്‍ മുകേഷ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം വീടുകള്‍ നല്‍കണമെന്ന് ആഴശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് മംഗള്‍ ഝായ്ക്ക് പോലിസ് ലാത്തിച്ചാര്‍ജിനെ മര്‍ദ്ദനമേല്‍ക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്ബര്‍നഗര്‍ നിവാസികള്‍ സ്‌റ്റേഷനിലെത്തിലായ് മംഗള്‍ ഝായെ മോചിപ്പിച്ചത്. അക്ബര്‍നഗറില്‍ 111 ഷോപ്പുകളും ഷോറൂമുകളുമാണുള്ളത്. ഇതില്‍ കൂടുതലും ഫര്‍ണിച്ചര്‍ ഷോറൂമുകളാണ്. ഷോറൂം പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം നിര്‍ദേശം നല്‍കിയെങ്കിലും ബുള്‍ഡോസറുകള്‍ മുന്നോട്ടെടുത്തതോടെ വ്യവസായ പ്രമുഖര്‍ സ്ഥലത്തെത്തി. ഉത്തര്‍പ്രദേശ് ആദര്‍ശ് വ്യാപാരി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ഗുപ്തയുടെ ആവശ്യപ്രകാരം എല്‍ഡിഎ വിസി ഇന്ദ്രമണി ത്രിപാഠി ഷോറൂമില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ സമയം അനുവദിച്ചു. ഒരു മണിക്കൂറിന് ശേഷം ലഖ്‌നോ ട്രേഡ് ബോര്‍ഡ് ഉദ്യോഗസ്ഥരും എത്തി. ബുള്‍ഡോസറുകള്‍ക്കൊപ്പം ലോഡിങ് വാഹനങ്ങളും അയോധ്യ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. ബാദ്ഷാനഗര്‍ മുതല്‍ ലേഖ്‌രാജ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള റോഡിന്റെ ഇരുവശത്തുമായി പകുതിയോളം ഭാഗം സാധനങ്ങള്‍ കൊണ്ടുപോവാനെത്തിയ ട്രക്കുകളായിരുന്നു.
ആളുകള്‍ അവരുടെ ലഗേജുകള്‍ കയറ്റി. റോഡരികിലുണ്ടായിരുന്നവരെ നീക്കാന്‍ പോലിസ് പാടുപെട്ടു. കുക്രയില്‍ മേല്‍പ്പാലത്തില്‍ പോലും ആളുകള്‍ നിലയുറപ്പിച്ചിരുന്നു. പോലിസും എല്‍ഡിഎ സംഘവും മുന്നറിയിപ്പ് നല്‍കിയെങ്കിലും ആളുകള്‍ തടിച്ചുകൂടിക്കൊണ്ടിരുന്നു. എല്ലാ സോണുകളില്‍ നിന്നും ആളുകളുടെ സാധനങ്ങള്‍ കൊണ്ടുപോവാന്‍ വാഹനങ്ങള്‍ വിളിച്ചതായി അഡീഷനല്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ഡോ. അരവിന്ദ് റാവു പറഞ്ഞു. രാത്രിയില്‍ നടപടിക്രമങ്ങള്‍ക്ക് ആവശ്യമുള്ള വെളിച്ചത്തിനു വേണ്ടി അഞ്ച് ജനറേറ്ററുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, വൈകീട്ട് മൂന്നോടെ ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് വന്നതോടെ ജനറേറ്ററുകള്‍ ആര്‍ആര്‍ വര്‍ക്ക് ഷോപ്പിലേക്ക് തിരിച്ചയച്ചു. ഇതോടെ ജനങ്ങള്‍ തെരുവിലിറങ്ങി ആഘോഷിച്ചു. പ്രദേശവാസികള്‍ക്ക് പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാന്‍ നാലാഴ്ചത്തെ സമയം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന തിടുക്കത്തെക്കുറിച്ചും കോടതി ഉത്തരവില്‍ വിമര്‍ശിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി അവര്‍ കൈവശം വച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് പങ്കജ് ഭാട്ടിയയുടെ ബെഞ്ച് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇവരെ പുനരധിവസിപ്പിക്കാതെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയില്‍ നിന്നുള്ള സ്‌റ്റേ വിവരം അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകള്‍ മാറ്റുകയായിരുന്നു. ഇതോടെ പ്രദേശവാസികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. ദേശീയപതാകയേന്തിയും മുദ്രാവാക്യം വിളിച്ചുമാണ് അക്ബര്‍ നഗര്‍ നിവാസികള്‍ കോടതി വിധിയെ വരവേറ്റത്.