മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Update: 2022-07-02 14:04 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. 2018ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ടുള്ള കേസിലാണ് കോടതിയുടെ ഉത്തരവ്. നാല് ദിവസത്തെ പോലിസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സുബൈറിനെ കോടതിയില്‍ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് സുബൈറിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലിസ് കൈക്കലാക്കിയിരുന്നു. ഇതിന് പിന്നാലെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

സുബൈര്‍ തെളിവുകള്‍ നശിപ്പിക്കുകയും വിദേശ ഫണ്ട് കൈപ്പറ്റുകയും ചെയ്തതായി പോലിസ് കോടതിയെ അറിയിച്ചു. അന്വേഷണത്തിനെത്തുമെന്ന് വിവരം ലഭിച്ചതോടെയാണ് സുബൈര്‍ ഫോണിലെ സിം എടുത്ത് പുതിയ ഫോണിലേക്ക് മാറ്റിയത്. വിദേശ രാജ്യത്ത് താമസിക്കുന്ന വ്യക്തിയില്‍ നിന്ന് ആരെങ്കിലും സംഭാവന സ്വീകരിക്കുകയാണെങ്കില്‍ അത് വിദേശ ഫണ്ട് നിയമങ്ങളുടെ ലംഘനമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ പോലിസ് അറസ്റ്റുചെയ്തത്.

കേസിനാധാരമായ ട്വീറ്റ് ഋഷികേശ് മുഖര്‍ജിയുടെ 'കിസി സേ നാ കഹാ' എന്ന സിനിമയുടേതാണ്. ഇതൊരു മനോഹരമായ കോമഡിയാണ്, സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചതാണ്- മുഹമ്മദ് സുബൈറിന് വേണ്ടി അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വാദിച്ചു. ട്വീറ്റ് നീക്കം ചെയ്യാന്‍ ട്വിറ്ററില്‍ നിന്ന് നിര്‍ദേശമില്ല. ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നത് നിയമവിരുദ്ധമല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എനിക്ക് എഫ്‌ഐആറിനെക്കുറിച്ച് അറിയില്ലായിരുന്നു. ഇത് ആയുധങ്ങളോ വെടിക്കോപ്പുകളോ മയക്കുമരുന്നോ അല്ല. കേസിനെ ഗൗരവമായി കാണുന്നു. നിയമപരവും ഭരണഘടനാപരവുമായ എതിര്‍പ്പുകള്‍ അതിലുണ്ട്- ഗ്രോവര്‍ പറഞ്ഞു.

അതിനിടെ, പാകിസ്താന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സുബൈര്‍ സംഭാവന വാങ്ങിയെന്നും കേസ് വെറുമൊരു ട്വീറ്റ് മാത്രമല്ലെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസിനെ പ്രതിനിധീകരിച്ച് അതുല്‍ ശ്രീവാസ്തവ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടു. എഫ്‌ഐആറിന് ശേഷം ഫോണില്‍ നിന്ന് ഡാറ്റ ഇല്ലാതാക്കുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരേ ചുമത്തിയിട്ടുണ്ട്.

ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റര്‍ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. 2021ല്‍ തുടങ്ങിയ ട്വിറ്റര്‍ ഹാന്‍ഡിലാണ് 2018 ലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്. ഇതില്‍ ഡല്‍ഹി പോലിസ് സ്വയം കേസെടുക്കുകയായിരുന്നുവെന്നും വ്യക്തമായി. സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറാണ് പരാതിക്കാരനെന്ന് എഫ്‌ഐആറില്‍ പറയുന്നു.

2020 ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപറേഷന്‍സ് യൂനിറ്റാണ് സുബൈറിനെതിരെയും നടപടിയെടുത്തത്. രാത്രി തന്നെ ബുറാഡിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.

Tags:    

Similar News