ആര്‍എസ്എസ്സുകാരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളെ പ്രതികളാക്കി പോലിസിന്റെ കള്ളക്കേസ്
ആലുവ: പ്രകടനത്തിന്റെ വീഡിയോ എടുത്തെന്നാരോപിച്ച് ആര്‍എസ്എസ്സുകാര്‍ മര്‍ദ്ദിച്ച വിദ്യാര്‍ഥികളെ പ്രതികളാക്കി പോലിസിന്റെ കള്ളക്കേസ്. മര്‍ദ്ദനത്തിന് ഇരയായി പോലിസുകാര്‍തന്നെ ആശുപത്രിയിലെത്തിച്ച വിദ്യാര്‍ഥികളെ പിറ്റേന്ന് ടൗണില്‍ സംശയാസ്പദമായി കണ്ടെത്തിയെന്ന കള്ളക്കേസ് ചാര്‍ത്തിയാണ് സിആര്‍പിസി 151ാം വകുപ്പ് ചുമത്തിയത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. പാലക്കാട് കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് നടത്തിയ പ്രകടനത്തിനിടെയാണ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്.
പ്രകടനക്കാരുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയെന്നാരോപിച്ചാണ് കൂട്ടത്തോടെയെത്തി മര്‍ദ്ദിച്ചത്. വിദ്യാര്‍ഥികളെ പോലിസെത്തി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികില്‍സ നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീടാണ് സംഭവം വഴിമാറുന്നത്. തിങ്കളാഴ്ച വിദ്യാര്‍ഥികളുടെ മൊഴിയെടുക്കാനുണ്ടെന്ന് പറഞ്ഞ് ഇരുവരെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പക്ഷേ, അവര്‍ക്കെതിരേ കള്ളക്കേസ് ചുമത്തുകയായിരുന്നു. ആലുവ ടൗണില്‍ തിങ്കളാഴ്ച രാത്രി 9ന് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് 151ാം വകുപ്പ് ചുമത്തിയാണ് കരുതല്‍ തടങ്കലില്‍ വച്ചത്.
ആര്‍എസ്എസ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയ ശേഷം പോലിസ് തന്നെയാണ് വിദ്യാര്‍ഥികളെ സമീപത്തെ കടയുടെ മുകളിലേക്ക് കയറ്റി നിര്‍ത്തിയത്. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖത്ത് പരിക്കേറ്റ വിദ്യാര്‍ഥികളെ പോലിസെത്തി ആലുവ ഗവ. ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ ചെക്കപ്പ് നടത്തി വിട്ടയക്കുകയായിരുന്നു. ഞായറാഴ്ചത്തെ ആശുപത്രി രേഖകളില്‍ ഇക്കാര്യമെല്ലാം വ്യക്തമാണ്.
എന്നാല്‍, പിറ്റേ ദിവസമാണ് ഉന്നത നിര്‍ദേശമെന്നോളം വിദ്യാര്‍ഥികള്‍ക്കെതിരേ കള്ളക്കേസ് ചമച്ചത്. ആലുവ ടൗണില്‍ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോള്‍ കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് 151ാം വകുപ്പ് ചുമത്തി കരുതല്‍ തടങ്കലിലാക്കിയതെന്നാണ് പോലിസ് പറയുന്നത്. പോലിസിലെ സംഘപരിവാര സ്വാധീനമാണ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കാന്‍ കാരണമെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അതേസമയം, പ്രതിഷേധ പ്രകടനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് വിദ്യാര്‍ഥികളും നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. ആദ്യപടിയെന്നോണം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.