'കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരും ഇല്ല'; അമരീന്ദറിന്റെ പുതിയ പാര്‍ട്ടി ഇന്ന്

തന്റെ കൂടെ കോണ്‍ഗ്രസില്‍ നിന്നും ആരൊക്കെ വരുമെന്ന കാര്യം അമരീന്ദര്‍ സിങ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു രാജിയും ഇതുവരെ ഉണ്ടായിട്ടുമില്ല.

Update: 2021-10-27 04:32 GMT

ചണ്ഡീഗഡ്: കോണ്‍ഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയും മൂന്നു തവണ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനുമായിരുന്ന അമരീന്ദര്‍ സിങ് നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവുമായുള്ള അഭിപ്രായ ഭിന്നതകളെതുടര്‍ന്നും വിഷയത്തില്‍ എഎസിസി സ്വീകരിച്ച ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചുമായിരുന്നു പാര്‍ട്ടി വിട്ടത്.മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറില്ലെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് പരിഹരിച്ചാല്‍, സംസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം അമരീന്ദര്‍ സിങിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തെ കോണ്‍ഗ്രസ് ശ്രദ്ധാ പൂര്‍വ്വം വീക്ഷിക്കുകയാണ്.

തന്റെ കൂടെ കോണ്‍ഗ്രസില്‍ നിന്നും ആരൊക്കെ വരുമെന്ന കാര്യം അമരീന്ദര്‍ സിങ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു രാജിയും ഇതുവരെ ഉണ്ടായിട്ടുമില്ല. ചരണ്‍ജിത് സിങ് ചന്നിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കിയിരിക്കുന്നു. ഇവരില്‍ ചിലര്‍ അമരീന്ദര്‍ സിങ്ങിനോടൊപ്പം പുതിയ പാര്‍ട്ടിയിലേക്ക് വരുമെന്നാണ് അദ്ദേഹവുമായി അടുത്ത വ്യത്തങ്ങള്‍ അവകാശപ്പെടുന്നത്.

Tags:    

Similar News