വിവാദങ്ങള്‍ക്കിടെ സിപിഎം സെക്രട്ടേറിയേറ്റ് ഇന്ന്
ശിവശങ്കറിന്റേയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ശിവശങ്കറിന്റേയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്.
സ്വര്‍ണ്ണക്കള്ളക്കടത്ത്, ബിനീഷ് വിഷയങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമേറ്റ ദുഷ്‌പ്പേര് മറികടക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ശക്തമായ പ്രചരണം അഴിച്ചുവിടാനാണ് സിപിഎം നീക്കം. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് സിപിഎമ്മിന് മുന്നിലെ വെല്ലുവിളി.
ബിനീഷ് വിഷയം നാണക്കേടാകുമ്പോള്‍ കോടിയേരി സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്നും മാറി നില്‍ക്കുമെന്ന ചര്‍ച്ചകളും ശക്തമാണ്. കേന്ദ്ര നേതൃത്വം ഇത് തള്ളുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് ബിനീഷിന്റെ അറസ്റ്റ് ഉണ്ടാക്കുന്ന ആഘാതമാണ് സിപിഎമ്മിന് മുന്നിലെ പ്രതിസന്ധി. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.