അമിത് ഷാ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്, ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കും-കര്‍ഷക നേതാക്കള്‍
വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പന്‍വലിച്ച ശേഷവും കര്‍ഷകര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല. മിനിമം താങ്ങുവില നിര്‍ണയിക്കുന്നത് വരേ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തങ്ങളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ടെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ട സമരം അവസാനിപ്പിക്കണമെങ്കില്‍ തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ അഞ്ചംഗ പ്രതിനിധി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കര്‍ഷക നേതാക്കള്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പന്‍വലിച്ച ശേഷവും കര്‍ഷകര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല. മിനിമം താങ്ങുവില നിര്‍ണയിക്കുന്നത് വരേ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് കര്‍ഷക സമര നേതാവ് യുദ്ദ്‌വീര്‍ സിങ് പറഞ്ഞു. കര്‍ഷക സമര നേതാക്കളായ ബല്‍ബീര്‍ സിങ് രജീവാള്‍, അശോക് ദാവ്‌ലേ, ശിവ് കുമാര്‍ കാക്ക, ഗുര്‍നാം സിങ് ചാദുനി, യുദ്ദ്‌വീര്‍ സിങ് എന്നിവരാണ് അടുത്ത ദിവസം ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തുക. ചര്‍ച്ചയുടെ ഫലം ഏഴാം തിയ്യതി വ്യക്തമാക്കുമെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു. സിംഘു അതിര്‍ത്തിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍, യുപി ലഖിംപൂരിലെ കര്‍ഷക കൂട്ടകൊലക്ക് ഉത്തരവാദിയായ കേന്ദ്ര മന്ത്രിക്കെതിരായ നടപടി, മിനിമം താങ്ങുവില വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.