കൊവിഡ് വാക്സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ
ചൊവ്വാഴ്ച പാർലമെന്‍റിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അമിത് ഷാ ഇതുമായി ബന്ധപ്പെട്ട ഉറപ്പ് നൽകിയത്.
ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പൂർത്തിയായാൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ.
ചൊവ്വാഴ്ച പാർലമെന്‍റിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അമിത് ഷാ ഇതുമായി ബന്ധപ്പെട്ട ഉറപ്പ് നൽകിയത്. കൊവിഡ് വാക്‌സിനേഷൻ മൂന്നാം ഡോസ് പൂർത്തിയാകുന്ന മുറക്ക് സിഎഎയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി സുവേന്ദു അധികാരി വ്യക്തമാക്കി. മുൻകരുതൽ ഡോസ് വാക്സിനേഷൻ ഡ്രൈവ് കഴിഞ്ഞ ഏപ്രിലിലാണ് സർക്കാർ ആരംഭിച്ചത്. ഒമ്പത് മാസംകൊണ്ട് പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ.
പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) ബിജെപി നടത്തുന്ന രാഷ്ട്രീയ പോരാട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഷായുടെ ശ്രദ്ധയിൽപ്പെടുത്തി. അഴിമതിക്കാരായ 100 ടിഎംസി നേതാക്കളുടെ പട്ടിക താൻ കൈമാറിയതായും അധികാരി അറിയിച്ചു.