പൊതുമാപ്പ്: ഇന്ത്യ ഒരു മാസത്തെ സമയം അവശ്യപ്പെട്ടതായി കുവൈത്ത് മന്ത്രാലയം
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ വിമാന യാത്രാ വിലക്ക് കുവൈത്ത് കഴിഞ്ഞ ആഴ്ച മുതല്‍ ഭാഗികമാക്കിയിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിനു കുവൈത്തിനോട് ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്തു. സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ പൗരന്‍മാരെ കൊണ്ടുപോവുന്നതിന് വിസമ്മതിക്കുന്ന ചില രാജ്യങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നുവെന്നും പത്രം റിപോര്‍ട്ട് ചെയ്തു. അടുത്തമാസം ഇന്ത്യയില്‍ വ്യോമാതിര്‍ത്തി തുറന്നാലുടന്‍ ഇന്ത്യന്‍ തൊഴിലാളികള്‍ തിരിച്ചുപോവുമെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ വിമാന യാത്രാ വിലക്ക് കുവൈത്ത് കഴിഞ്ഞ ആഴ്ച മുതല്‍ ഭാഗികമാക്കിയിരുന്നു. ഇതുപ്രകാരം രാജ്യത്ത് നിന്നു പുറത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്തു. കൊറോണ വൈറസ് നേരിടുന്നതില്‍ രാജ്യത്തെ വിദേശികളുടെ വര്‍ധിച്ച സാന്നിധ്യം തടസ്സമാവുന്ന സാഹചര്യത്തിലാണ് നടപടി. ഇതിനു ശേഷം ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് മുതലായ രാജ്യങ്ങളോട് അവരുടെ പൗരന്‍മാരെ തിരികെ കൊണ്ടുപോകുവാന്‍ കുവൈത്ത് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് ഇന്ത്യ മാത്രമാണ് പ്രതികരണം അറിയിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. പൊതുമാപ്പ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് കുവൈത്ത് മന്ത്രാലയം അനുവദിച്ച സമയം.