സര്‍ക്കാരിനെതിരേ വിമര്‍ശനം: ബോളിവുഡ് നടന്‍ അമോല്‍ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി

മുംബൈയിലെ എന്‍ജിഎംഎമ്മില്‍, ചിത്രകാരനായ പ്രഭാകര്‍ ഭാര്‍വെയുടെ ഓര്‍മക്കായി സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് പല തവണ തടസ്സപ്പെടുത്തിയത്

Update: 2019-02-10 06:16 GMT

മുംബൈ: നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടി(എന്‍ജിഎംഎ)ന്റെ ബെംഗളൂരുവിലേയും മുംബൈയിലേയും ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയെ വിമര്‍ശിച്ച സംവിധായകനും ബോളിവുഡ് നടനുമായ അമോല്‍ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി. മുംബൈയിലെ എന്‍ജിഎംഎമ്മില്‍, ചിത്രകാരനായ പ്രഭാകര്‍ ഭാര്‍വെയുടെ ഓര്‍മക്കായി സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് പല തവണ തടസ്സപ്പെടുത്തിയത്. കലാകാരന്മാര്‍ അടങ്ങുന്ന ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാന പരിപാടിയായിരിക്കും ഭാര്‍വെ എക്‌സിബിഷനെന്നും സര്‍ക്കാര്‍ ഏജന്റുമാരോ ബ്യൂറോക്രാറ്റുകളോ ആയിരിക്കും ഇനി പരിപാടി നിശ്ചയിക്കുകയെന്നും അമോല്‍ പലേക്കര്‍ പറഞ്ഞതോടെയാണു ശ്രോതാക്കളിലും വേദിയിലുമുള്ളവരില്‍ ചിലര്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. ഇനി എക്‌സിബിഷനും മറ്റും സംഘടിപ്പിക്കുന്നതൊക്കെ ഡല്‍ഹിയില്‍ നിന്നായിരിക്കും തീരുമാനിക്കുക എന്നുകൂടെ പറഞ്ഞതോടെ പ്രതിഷേധം ശക്തമായി. പ്രഭാകര്‍ ഭാര്‍വെയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നായി ചിലരുടെ പ്രതികരണം. എന്നാല്‍ പ്രസംഗത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനാണോ ഉദ്ദേശം എന്നു ചോദിച്ചപലേക്കര്‍ പ്രസംഗം തുടര്‍ന്നു. മറാത്തി സാഹിത്യോത്സവത്തില്‍ പ്രസംഗിക്കുന്നതില്‍ ്‌നിന്നും എഴുത്തുകാരന്‍ നയന്‍താര സാഗലിനെ ഒഴിവാക്കിയതു ചൂണ്ടിക്കാട്ടിയ പലേക്കര്‍, ഇവിടെയും അതാവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതല്ലേയെന്നും ചോദിച്ചു.

Tags:    

Similar News